റിയാദ് - വിദേശങ്ങളിൽനിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കർശന നിയന്ത്രണമേർപ്പെടുത്തി. ഈ മാസം ഒന്നു മുതൽ നിയന്ത്രണം നിലവിൽവന്നു. ഇതനുസരിച്ച് വിദേശങ്ങളിൽനിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് മുട്ട ഉൽപാദക സഹകരണ സൊസൈറ്റി പ്രസിഡന്റ് ബന്ദർ അൽഈദ് അറിയിച്ചു. സൗദിയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നതിനും സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുമാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദിയിലെ പൗൾട്രി ഫാമുകളിൽ കോഴികൾക്ക് നൽകുന്ന തീറ്റകൾ വെജിറ്റേറിയൻ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് സൗദിയിലേക്ക് മുട്ട കയറ്റി അയക്കുന്ന സ്ഥാപനങ്ങൾക്കും ബാധകമാണ്.
സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുട്ട ശേഖരത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് അതോറിറ്റി ലാബ് പരിശോധനകൾക്ക് വിധേയമാക്കും. മൂന്നു മാസത്തിനുള്ളിൽ പ്രാദേശിക മുട്ട വിപണിയിൽ സന്തുലനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആവശ്യത്തിലധികം മുട്ടയാണ് വിപണിയിലെത്തുന്നത്. ഇത് സൗദി മുട്ട ഉൽപാദകർക്ക് വലിയ തിരിച്ചടിയാണ്. നിലവിലെ സ്ഥിതിഗതികൾ തുടരുന്ന പക്ഷം പകുതിയോളം ചെറുകിട ഫാമുകൾ അടച്ചുപൂട്ടേണ്ടിവരും. ജീവനക്കാരുടെ വേതനം അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പൂർത്തീകരിക്കുന്നതിന് ഫാമുകൾക്ക് സാധിക്കുന്നില്ല. അമ്പതു ശതമാനത്തിലേറെ നഷ്ടത്തിലാണ് ഫാമുകൾ ഇപ്പോൾ മുട്ട വിൽക്കുന്നത്. ഇറക്കുമതി ചെയ്യുന്ന മുട്ട ഒരു കാർട്ടന് 40 റിയാൽ നിരക്കിലാണ് വിൽക്കുന്നത്. ചെറുകിട ഫാമുകൾ ദിവസേന 200 മുതൽ 300 വരെ കാർട്ടൺ മുട്ടയും ഇടത്തരം ഫാമുകൾ 500 മുതൽ 1,000 വരെ കാർട്ടൺ മുട്ടയും വൻകിട ഫാമുകൾ 1000 മുതൽ 3000 വരെ കാർട്ടൺ മുട്ടകളുമാണ് ഉൽപാദിപ്പിക്കുന്നത്.
സൗദിയിൽ പ്രാദേശിക വിപണിക്ക് ആവശ്യമായതിന്റെ 30 ശതമാനം മുട്ട അധികം ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങൾ മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഗൾഫ് രാജ്യങ്ങളിലെ ഫാമുകൾക്ക് സാധിക്കുന്നില്ലെന്നും ബന്ദർ അൽഈദ് പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ട്, സൗദിയിലേക്ക് മുട്ട ഇറക്കുമതി ചെയ്യുന്ന കമ്പനികൾ ലൈസൻസ് നേടിയിരിക്കണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ബാധകമാക്കിയിട്ടുണ്ടെന്ന് മുട്ട ഉൽപാദക സഹകരണ സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അൽഹമൂദി പറഞ്ഞു. വിദേശങ്ങളിലെ ഫാമുകളിൽ മുട്ടക്കോഴികളിൽ ഉപയോഗിക്കുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ ഇനം ഉറപ്പു വരുത്തി ഇറക്കുമതിക്ക് അതോറിറ്റി മേൽനോട്ടം വഹിക്കും. തത്തുല്യ കാലത്തേക്ക് പുതുക്കാവുന്ന ഒരു വർഷ കാലാവധിയുള്ള ലൈസൻസ് ആണ് മുട്ട ഇറക്കുമതിക്കാർക്ക് അതോറിറ്റി നൽകുന്നതെന്നും ഖാലിദ് അൽഹമൂദി പറഞ്ഞു.
വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ട ഇപ്പോഴും പ്രാദേശിക വിപണിയിൽ വലിയ തോതിൽ വിൽക്കപ്പെടുന്നുണ്ടെന്ന് മുട്ട ഉൽപാദക സഹകരണ സൊസൈറ്റി അംഗം അയ്മൻ അൽറശീദ് പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഇറക്കുമതി നിയന്ത്രണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഉൽപാദന തീയതിയായി ജൂലൈ രണ്ട് രേഖപ്പെടുത്തിയ മുട്ട പ്രാദേശിക വിപണിയിലുണ്ട്. ഒരു കാർട്ടൺ മുട്ടയുടെ വില ഇപ്പോഴും 45 റിയാൽ മുതൽ 60 റിയാൽ വരെയാണ്. സൗദിയിൽ 360 മുട്ട വീതം അടങ്ങിയ 62,000 കാർട്ടൺ മുട്ട പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. സൗദിയിലെ പ്രതിദിന മുട്ട ഉപഭോഗം 45,000 മുതൽ 50,000 കാർട്ടൺ വരെയാണ്. പ്രാദേശിക ഫാമുകളുടെ പ്രതിദിന മുട്ട ഉൽപാദനത്തിൽ 10,000 മുതൽ 13,000 വരെ കാർട്ടൺ മിച്ചമാണ്. ഒരു കാർട്ടൺ മുട്ട ഉൽപാദിപ്പിക്കുന്നതിന് 110 റിയാൽ മുതൽ 115 റിയാൽ വരെ ചെലവ് വരുന്നുണ്ടെന്നും അയ്മൻ അൽറശീദ് പറഞ്ഞു.