റിയാദ് - സൗദി ജീവനക്കാരനോട് മോശമായി പെരുമാറിയ വിദേശിയെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് നാടുകടത്തി. റെസ്റ്റോറന്റില്‍ ഉന്നത പദവിയില്‍ ജോലി ചെയ്തുവന്ന അറബ് വംശജനാണ് ജോലി നഷ്ടമായത്.
മോശമായി പെരുമാറുന്ന വിദേശിക്കെതിരെ സൗദി ജീവനക്കാരന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം റെസ്റ്റോറന്റ് സന്ദര്‍ശിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തി. തൊഴില്‍ നിയമത്തിലെ 61-ാം വകുപ്പ് വിദേശി ലംഘിച്ചതായി പരിശോധനയില്‍ വ്യക്തമായി. തൊഴിലുടമയും മറ്റു തൊഴിലാളികളും ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന് തൊഴില്‍ നിയമത്തിലെ 61-ാം വകുപ്പ് അനുശാസിക്കുന്നു.
നിയമ ലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ നിയമാനുസൃത പ്രതിനിധിയെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും പരാതിക്കാരനായ സൗദി ജീവനക്കാരന് എല്ലാവിധ ആനുകൂല്യങ്ങളും കൊടുത്തു തീര്‍ക്കുന്നതിന് സ്ഥാപനത്തെ നിര്‍ബന്ധിക്കുകയും ചെയ്തു.
കമ്പനിയില്‍ തന്നെ മറ്റൊരു തൊഴില്‍ പരാതിക്കാരന് ഓഫര്‍ ചെയ്യാനും സ്ഥാപനത്തെ നിര്‍ബന്ധിച്ചു. നിയമ ലംഘകനായ വിദേശിയെ എത്രയും വേഗം ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനും കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കി.
സ്ഥാപനത്തില്‍ നടത്തിയ പരിശോധനക്കിടെ മറ്റേതാനും നിയമ ലംഘനങ്ങളും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതില്‍ റെസ്റ്റോറന്റിനെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. വിദേശിയുടെ ഭാഗത്തു നിന്നുണ്ടായ നിയമ ലംഘനത്തിന് സൗദി ജീവനക്കാരനോടും മന്ത്രാലയ ഉദ്യോഗസ്ഥരോടും റെസ്റ്റോറന്റ് ഉടമകളായ കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ ക്ഷമാപണം നടത്തി.