Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് എയർപോർട്ട് പഴയ പ്രതാപത്തിലേക്ക്‌

കരിപ്പൂരിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻസ് പറന്നുയരുന്നു.
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം
ഫ്‌ളൈ ദുബായിയുടെ കന്നിയാത്ര  

കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഇവയിൽ പൊതുമേഖലയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്നത് കരിപ്പൂരിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടാണ്. ആഭ്യന്തര, വിദേശ സർവീസുകളെല്ലാം മികച്ച നിലയിൽ നടത്തുന്ന വിമാനത്താവളം ഇടക്കാലത്ത് ഗ്രസിച്ച തടസ്സങ്ങൾ മാറി മുന്നേറ്റത്തിന്റെ പാതയിലാണ്. വലിയ വിമാനങ്ങൾ തിരികെ എത്തിയത് തന്നെ കരിപ്പൂരിന് പുത്തനുണർവ് പ്രദാനം ചെയ്തു. 
സൗദി അറേബ്യൻ എയർലൈൻസ് വൈഡ് ബോഡി ജിദ്ദയിലേക്ക് സർവീസ് പുനരാരംഭിച്ച് ആറ് മാസത്തിലേറെയായി. ഇപ്പോഴിതാ ഇന്ത്യയുടെ പതാക വാഹകരായ എയർ ഇന്ത്യയും തിരിച്ചെത്തുന്നു. ഹജിന് ശേഷം എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ കൂടി രംഗത്തെത്തുന്നതോടെ രാവും പകലും പ്രവർത്തിക്കുന്ന മലബാറിന്റെ ഗേറ്റ് വേ പഴയ പത്രാസ് വീണ്ടെടുക്കുമെന്നതിൽ സംശയമില്ല. 
കാത്തിരിപ്പിനൊടുവിൽ കരിപ്പൂരിൽനിന്ന് 2015 മെയ് മുതൽ നിർത്തലാക്കിയ എയർ ഇന്ത്യയുടെ ജംബോ വിമാനങ്ങൾക്കും, എമിറേറ്റ്‌സ് എയർ വിമാനത്തിനും കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച സാധ്യതാ റിപ്പോർട്ടിന്മേലാണ് ഇന്നലെ ഡയറക്ട്‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. എയർ ഇന്ത്യ ജിദ്ദയിലേക്കും എമിറേറ്റസ് ദുബായിലേക്കുമാണ് സർവീസ് നടത്തുക.


കരിപ്പൂരിൽ റൺവേ റീ-കാർപറ്റിങിന്റെ പേരിലാണ് 2015 മെയ് മുതൽ വലിയ വിമാനങ്ങളുടെ അനുമതി റദ്ദാക്കിയത്. പിന്നീട് റൺവേ പ്രവൃത്തികൾ കഴിഞ്ഞിട്ടും നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിച്ചിരുന്നില്ല. തുടർന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ സൗദി എയർലൈൻസിന് ജിദ്ദയിലേക്ക് സർവീസിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലേക്ക് കരിപ്പൂരിൽനിന്ന് സൗദിയ സർവീസ് പുനരാരംഭിച്ചത്. എന്നാൽ എയർ ഇന്ത്യ, എമിറേറ്റ്‌സ് എയർ വിമാനങ്ങൾ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. 
കരിപ്പൂരിൽ ജംബോ 747 ഉൾപ്പെടെ കോഡ് ഇ വിഭാഗത്തിൽ പെട്ട വിമാനങ്ങൾക്കാണ് നിലവിൽ അനുമതി ലഭിച്ചത്. ജംബോ 747, 777-200 എൽ.ആർ, ബി 777-300 ഇ.ആർ, ബി 787-8 ഡ്രീംലൈനർ തുടങ്ങിയ വലിയ വിമാനങ്ങൾക്കും ഇനി കരിപ്പൂരിൽനിന്ന് പറക്കാം. സൗദി അറേബ്യയിലേക്ക് ഹജ് സർവീസിനായി 777-300 ഇ.ആർ, എ.330-200 വിമാനങ്ങൾക്കും അനുമതിയായിട്ടുണ്ട്.


ജിദ്ദയിലേക്കുളള സർവീസ് ആറ് മാസത്തേക്ക് പകൽ സമയം നടത്തണമെന്നാണ് എയർ ഇന്ത്യക്ക് നൽകിയിട്ടുള്ള നിർദേശം. സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എയർ ഇന്ത്യ. ജംബോ സർവീസുകൾക്ക് കൂടി അനുമതിയായതോടെ കരിപ്പൂർ പഴയ കാല പ്രതാപത്തിലേക്ക് മാറും. ഹജ് എംബാർക്കേഷൻ പുനഃസ്ഥാപിച്ച് സർവീസ് ആരംഭിക്കാനിരിക്കേയാണ് കരിപ്പൂരിൽ വലിയ വിമാന സർവീസുകൾക്ക് അനുമതിയായത് പ്രവാസികൾക്ക് ഏറെ ആഹ്ലാദകരമായി. കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് സമീപ ജില്ലകളിലേക്കും നഗരങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസുകൾ കൂടി ഏർപ്പെടുത്തുന്നത് ഈ പൊതു മേഖലാ സ്ഥാപനത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു നിർത്താൻ സഹായകമാവും. 

 

Latest News