മുംബൈ- ദുബായ് വിമാനത്തില്‍ 17 കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ 35 കാരനായ സുമന്‍ ബാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന തന്റെ രഹസ്യഭാഗങ്ങളില്‍ യവാവ് സ്പര്‍ശിച്ചുവെന്നാണ് 17 കാരി നല്‍കിയ പരാതി. മുംബൈയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ് സുമന്‍.
പെണ്‍കുട്ടി ബന്ധുവിനോടൊപ്പമാണ് വിമാനത്തിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ പിറകിലെ സീറ്റിലിരുന്നയാളാണ് പ്രതി. ഭയന്നുപോയ പെണ്‍കുട്ടി വിമാനത്തില്‍ വെച്ച് ആരോടും പരാതിപ്പെട്ടിരുന്നില്ല. ദുബായിലെത്തിയപ്പോഴാണ് ബന്ധുവിനോട് വിവരം പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തത്.
പെണ്‍കുട്ടിയും ബന്ധുവും മുംബൈയില്‍ തിരിച്ചെത്തിയ ഉടന്‍ പരാതി നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാനമായതിനാല്‍ പോലീസ് ആശയക്കുഴപ്പത്തിലായിരുന്നു. ഒടുവില്‍ സീറ്റ് നമ്പറും ബോര്‍ഡിംഗ് വിശദാംശങ്ങളും വെച്ചാണ് പ്രതിയെ കണ്ടെത്തിയത്. യുവാവ് പോലീസ് കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു. പോക്‌സോ അടക്കുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.