മുംബൈ- മലേഗാവില്‍ 2008 ല്‍ ആറു പേരുടെ മരണത്തിനും 101 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ച ഹിന്ദുത്വ നേതാവ് പ്രജ്ഞാ സിംഗ് താക്കൂര്‍ എം.പിയുടെ മോട്ടോര്‍ സൈക്കിള്‍ സാക്ഷി തിരിച്ചറിഞ്ഞു.
ദേശീയ അന്വഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പ്രത്യേക കോടതി ജഡ്ജി വിനോദ് പഡല്‍ക്കറുടെയും പ്രതികളുടെ അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് സാക്ഷി മോട്ടോര്‍ സൈക്കിള്‍ തിരിച്ചറിഞ്ഞത്.
സ്ഫോടനത്തില്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന രണ്ട് മോട്ടോര്‍ സൈക്കിളുകളും അഞ്ച് സൈക്കിളുകളും ഒരു ട്രക്കില്‍ സിറ്റി സിവില്‍, സെഷന്‍സ് കോടതി പരിസരത്ത് എത്തിക്കുകയായിരുന്നു.
പ്രജ്ഞാ സിംഗിനു പുറമെ, ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സമീര്‍ കുല്‍ക്കര്‍ണി, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, അജയ് രാഹില്‍ക്കര്‍, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി 2018 ഒക്ടോബര്‍ 30 നാണ് കുറ്റം ചുമത്തിയിരുന്നത്.
സ്ഫോടനം ആസൂത്രണം ചെയ്ത അഭിനവ് ഭാരത് ഭീകര പ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് രൂപീകരിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ആര്‍ഡിഎക്സ് ബോംബ് ഒളിപ്പിച്ച് സ്‌ഫോടനം നടത്താന്‍ 2008 ജനുവരി മുതല്‍ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നു.
പ്രജ്ഞാ സിംഗിന്റെ മോട്ടോര്‍ സൈക്കിളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ കോടതി കുറ്റപത്രം നല്‍കിയത്.
പ്രജ്ഞയുടെ നിര്‍ദേശപ്രകാരമാണ് അനുയായികള്‍ പ്രവര്‍ത്തിച്ചതെന്നും തന്റെ മോട്ടോര്‍ സൈക്കിള്‍ സ്‌ഫോടനത്തിനു ഉപയോഗിക്കുന്നതായി അവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞു.