കോഴിക്കോട്- പ്രശസ്ത പ്രവാസി വ്യവസായിയും പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എ.റഹ് മാന്‍ (71) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് കടവത്തൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനംകൊണ്ട് ബിസിനസ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പി.എ. റഹ്മാന്‍ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനാണ്. സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റോറന്റ്, ഹോസ്പിറ്റല്‍ സംരംഭങ്ങളുടെ സ്ഥാപകനാണ്.
മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായും മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരണ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി പള്ളികള്‍ സ്വന്തമായി പണികഴിപ്പിച്ചിട്ടുണ്ട്.
ഭാര്യമാര്‍: ഖദീജ, ആയിശ. അബ്ദുല്‍വാഫി ഏക മകനാണ്. സഹോദരങ്ങള്‍: പി.പി.അബൂബക്കര്‍, ആയിശ, പരേതനായ കുഞ്ഞബ്ദുല്ല.