ജിദ്ദ-എയര്‍ ഇന്ത്യയുടെ കൊച്ചി,ഹൈദരാബാദ് വിമാനങ്ങളില്‍ സെപ്റ്റംബര്‍ 15 വരെ സംസം ബോട്ടിലുകള്‍ കൊണ്ടുപോകില്ലെന്ന തീരുമാനം മാറ്റി. ഇതിനു പകരം സൗജന്യ ബാഗേജ് തൂക്കം കുറക്കാനാണ് എയര്‍ ഇന്ത്യ തീരുമാനം.
വലിയ വിമാനങ്ങള്‍ ഹജ് സര്‍വീസിനായി മാറ്റിയതിനാല്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ചെറിയ വിമാനങ്ങളില്‍ സംസം കൊണ്ടു പോകില്ലെന്നാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരുന്നത്. ഇത് മാറ്റി സംസം കൊണ്ടു പോകുമെന്നാണ് പുതിയ അറിയിപ്പ്.
ഇതു പ്രകാരം ഇക്കണോമി ക്ലാസ് ടിക്കറ്റുകളില്‍ 40 കിലോ ബാഗേജും അഞ്ച് ലിറ്ററിന്റെ ഒരു സംസം ബോട്ടിലുമാണ് അനുവദിക്കുക. ബിസിനസ് ക്ലാസില്‍ 45 കിലോ ബാഗേജും അഞ്ച് ലിറ്ററിന്റെ ഒരു സംസം ബോട്ടിലും അനുവദിക്കും.
കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും സര്‍വീസ് നടത്തുന്ന എ.ഐ964, എ.ഐ 966 വിമാനങ്ങള്‍ക്കാണ് ഇത് ബാധകം. ഉടന്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ അവസാന സമയത്തെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് യാത്രക്കാര്‍ക്ക് വിവരം നല്‍കാന്‍ എയര്‍ ഇന്ത്യ സെയില്‍സ് ടീം ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ബോയിംഗ് അടക്കമുള്ള വലിയ വിമാനങ്ങള്‍ ഹജ് സര്‍വീസിനായി മാറ്റിവെച്ചതിനാലാണ് കൊച്ചിയടക്കമുള്ള എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ പിന്‍വലിച്ച് ചെറിയ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിലെ സ്ഥല പരിമിതി കണക്കിലെടുത്താണ് ആദ്യം സംസം ബോട്ടിലും പിന്നീട് ബാഗേജും കുറയ്ക്കാന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതമായത്.