Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രി നഖ്‌വിയുമായി കാന്തപുരം ചര്‍ച്ച നടത്തി; മര്‍കസിനും സുന്നി സംഘടനകള്‍ക്കും പ്രശംസ

കോഴിക്കോട്- വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസന മേഖലയിലും മര്‍കസും സുന്നി സംഘടനകളും ദേശീയ തലത്തില്‍ നടത്തുന്ന ഇടപെടലുകളെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രശംസിച്ചതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ല്യാര്‍.
ദല്‍ഹിയില്‍ മന്ത്രിയുടെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് കാന്തപുരം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ന്യൂനപക്ഷങ്ങളുടെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാക്കുവാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി ന്യൂഡല്‍ഹിയില്‍ മന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. പുതിയ കേന്ദ്ര സര്‍ക്കാറില്‍ കാബിനറ്റ് റാങ്കുള്ള മന്ത്രിയായ തിരഞ്ഞെടുക്കപ്പെട്ട നഖ്‌വിയെ അഭിനന്ദിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് പുനസ്ഥാപിച്ചതില്‍ കേന്ദ്ര ഹജ്ജ് കാര്യവകുപ്പ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം കേരളത്തിലെ ഹാജിമാര്‍ക്ക് വലിയ ആശ്വാസമായെന്ന സന്തോഷം അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാകാലത്ത് നടത്തിയ കൂടിക്കാഴ്ചകളില്‍ ഈയാവശ്യം ഉന്നയിച്ചത് ഗൗരവതരത്തില്‍ ഹാജിമാരുടെ പ്രശ്‌നത്തെ കാണാനും വേഗത്തില്‍ പരിഹാരമുണ്ടാക്കാനും പ്രേരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യഭ്യാസം, സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു.

ഇന്ത്യയിലെ വിവിധ ന്യൂനപക്ഷങ്ങളുടെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാക്കുവാന്‍ ഗവണ്മെന്റ് ക്രിയാത്മകമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ്, യു.പി.എസ്.സി പരീക്ഷകളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഈ വര്‍ഷം കൂടുതല്‍ തുക നീക്കിവെച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി സ്വാഗതാര്‍ഹമാണ്. ഭൂരിപക്ഷന്യൂനപക്ഷ വേര്‍ത്തിരിവുകള്‍ ഇല്ലാത്തതും എല്ലാ ജാതിമത സമൂഹങ്ങളെയും സമാനമായി പരിഗണിക്കുന്നവറുമാവണം ഭരണകൂടം. രാജ്യത്തിന്റെ ക്ഷേമം വികസിപ്പിക്കുന്നതിലും തുല്യതാവകാശം ഉറപ്പുവരുത്തുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധചെലുത്തണം. അലിഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ ആവശ്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കി ദക്ഷിണേന്ത്യയിലെ പ്രധാന അക്കാദമിക ഹബ്ബാക്കി അലിഗഡ് ഉപകേന്ദ്രത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ന്യൂനപക്ഷങ്ങളുടെ ജീവിത വികാസത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കുമെന്ന് മന്ത്രി നഖ്‌വി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസന മേഖലയിലും മര്‍കസും സുന്നി സംഘടനകളും ദേശീയ തലത്തില്‍ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹുസൈന്‍ നൈബാരി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

 

Latest News