Sorry, you need to enable JavaScript to visit this website.

പോലീസിനെ തല്ലാന്‍ ആവശ്യപ്പെട്ടു; ഡി.ജി.പിക്ക് തുറന്ന കത്ത്

തിരുവനന്തപുരം- സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ഉണ്ടായിട്ടും  തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച സാഹോദര്യ ജാഥയെ പോലീസ് പലയിടത്തും തടഞ്ഞതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

എസ്.എഫ്.ഐയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് പോലീസ് എല്ലായിടത്തും നടപടികള്‍ സ്വീകരിച്ചതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറക്ക് എഴുതിയ തുറന്ന കത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ആരോപിക്കുന്നു.


ബഹുമാനപ്പെട്ട സര്‍,

സംസ്ഥാന പൊലീസ് മേധാവിയായ താങ്കളില്‍ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചത്. കേരളത്തിലെ തിരഞ്ഞെടുത്ത ക്യാമ്പസുകളും യൂണിവേഴ്‌സിറ്റി ആസ്ഥാനങ്ങളും ജനകീയ സമര പ്രദേശങ്ങളുമെല്ലാം സന്ദര്‍ശിക്കും വിധമാണ് സാഹോദര്യ രാഷ്ട്രീയ ജാഥ ആസൂത്രണം ചെയ്തിരിക്കുന്നത്. ജാഥയുടെ മുഴുവന്‍  വിശദവിവരങ്ങളും സമര്‍പ്പിച്ചതുമാണ്. തീര്‍ത്തും ജനാധിപത്യപരവും സമാധാനപരവുമായാണ് ജാഥ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പ്രയാണമാരംഭിച്ചത്. എന്നാല്‍ ആദ്യദിനം മുതല്‍ താങ്കള്‍ക്ക് കീഴിലെ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന്  ഗേറ്റിന് മുന്നില്‍ ജാഥയെ ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതെ പോലീസ് തടഞ്ഞു നിറുത്തി. സംഘര്‍ഷം ഉണ്ടാകും എന്ന ന്യായമാണ് പോലീസ് ഉന്നയിച്ചത്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ യാതൊരു സംഘര്‍ഷവും ഉണ്ടാക്കില്ലെന്നും ക്യാമ്പസ് അതിക്രമങ്ങള്‍ക്കെതിരില്‍ രാഷ്ട്രീയമായിത്തന്നെ നിലപാടുകളുള്ള മൂവ്‌മെന്റാണ് ഫ്രറ്റേണിറ്റിയെന്നും ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെങ്കിലും പോലീസ് നിലപാട് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് യാതൊരു പ്രകോപനമോ കാരണമോ കൂടാതെ പോലീസ് ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു.   

സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിനെ ഗേറ്റിനു പുറത്തു വെച്ചും തുടര്‍ന്ന് പോലീസ് വാഹനത്തിനകത്തിട്ടും പോലീസ് മര്‍ദിച്ചു. സാരമായ പരുക്കുകളോടെ അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്. ചോര ചര്‍ദ്ദിക്കുവോളം തുടര്‍ന്ന ഭീകരമര്‍ദനമാണ് അജീഷിന് പോലീസില്‍ നിന്നേല്‍ക്കേണ്ടി വന്നത്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും തലകളില്‍ പരിക്കേല്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് ലാത്തി വീശിയത്. കലാജാഥയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ട്രാവലറില്‍ വിശ്രമിക്കവേ വണ്ടിക്കകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസ് അവരെ മര്‍ദിച്ചു. പരിഭ്രാന്തരായ അവര്‍ ജീവനും കൊണ്ട് വണ്ടിയില്‍ നിന്നിറങ്ങിയോടി. മീഡിയ ടീമിന്റെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ചു ക്യാമറകള്‍ പിടിച്ചു വാങ്ങി. മുഴുവന്‍ ജാഥാവാഹനങ്ങളും യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് സേനയുടെ ബലം പോരാഞ്ഞു അര്‍ധസൈനിക വിഭാഗത്തെയും ഇറക്കി മര്‍ദനങ്ങള്‍ അഴിച്ചു വിട്ടു. എല്ലാത്തിനും ശേഷം ഈ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ കള്ളക്കഥ മെനഞ്ഞുണ്ടാക്കി ആശുപത്രിയില്‍ കിടന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഔദ്യോഗിക  കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കി എന്നാരോപിച്ചു കേസെടുത്തു. ഞങ്ങള്‍ ആരുടേയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയിട്ടില്ല. അതെ സമയം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും കല്ലെറിഞ്ഞും മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കുവാനോ അവര്‍ക്കെതിരില്‍ നടപടിയെടുക്കുവാനോ പോലീസ് ഒരു ശ്രമവും നടത്തിയില്ല. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരില്‍ നടപടിയെടുക്കുന്നതിന് പകരം തികച്ചും വിവേചനപരമായാണ് പോലീസ് പെരുമാറിയത്.

തിരുവനന്തപുരത്തെ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പക്ഷപാതപരമായ ഈ സമീപനം തുടര്‍ന്നങ്ങോട്ടുള്ള ജില്ലകളിലും നമുക്കനുഭവിക്കേണ്ടി വന്നു. ആലപ്പുഴ എസ് ഡി കോളേജ്, കോട്ടയത്ത് എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ് തുടങ്ങി എറണാകുളം മഹാരാജാസ് കോളേജിനും ജനാധിപത്യപരമായ അവകാശങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് പോലീസ് കൂട്ട് നിന്നത്. മഹാരാജാസിന് മുന്നില്‍ പോലീസ് ആക്ഷന് നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നു. അദ്ദേഹം ഒരു ചര്‍ച്ചക്ക് പോലും സന്നദ്ധമായിരുന്നില്ല. കോളേജിലെ ഉത്തരവാദപ്പെട്ട അധികാരി കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ പ്രിന്‍സിപ്പലിന്റെ അനുമതി തങ്ങള്‍ക്കുണ്ടെന്നു പറഞ്ഞെങ്കിലും നിങ്ങള്‍ വേണമെങ്കില്‍ പോലീസിനെ തല്ലിക്കോ എന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി മാത്രമേ അദ്ദേഹത്തിന് നല്‍കാനുണ്ടായിരുന്നുള്ളൂ. അവിടെയും നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.

ജാഥ കടന്നു പോയ ജില്ലകളിലെ പ്രധാനപ്പെട്ട ക്യാമ്പസുകളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ താങ്കളോട് സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ക്യാമ്പസ് ജനാധിപത്യത്തെ കുറിച്ച് രൂപീകരണവേള മുതല്‍ കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാര്‍ത്ഥിസമൂഹത്തോടും ഗൗരവപ്പെട്ട ചില കാര്യങ്ങള്‍ ഫ്രറ്റേണിറ്റി ഉണര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂരിഭാഗം ക്യാമ്പസുകളിലും ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ യുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങളും തല്‍ഫലമായുണ്ടാകുന്ന അതിക്രമങ്ങളും വ്യവസ്ഥാപിതമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈയടുത്ത് ബഹുമാനപ്പെട്ട ഹൈകോടതി കലാലയ രാഷ്ട്രീയ നിരോധനത്തെ കുറിച്ച തീര്‍പ്പുകളിലേക്ക് എത്തിച്ചേര്‍ന്നത് പോലും പൊന്നാനി എം ഇ എസ് കോളേജിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ അഴിച്ചു വിട്ട ആക്രമണങ്ങളായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനം സാഹിക്കാതായപ്പോഴാണ്  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി  കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി കഴിഞ്ഞ മാസം ആത്മഹത്യയ്ക്ക് തുനിഞ്ഞത്. ആ വിദ്യാര്‍ത്ഥിനി ഭാഗ്യവശാല്‍ രക്ഷപ്പെട്ടെങ്കിലും അവര്‍ എഴുതിയ ആത്മഹത്യ കുറിപ്പ് കേരളം വായിച്ചതാണ്. നിയമസഭയില്‍ എം കെ മുനീര്‍ എം എല്‍ എ യുടെ ചോദ്യത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കിയ മറുപടിയില്‍ 187 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠനം പാതിവഴിയില്‍ നിറുത്തി പോയിട്ടുള്ളത്. എസ് എഫ് ഐ നേതൃത്വം കൊടുക്കുന്ന കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന പ്രസ്താവന കോളേജ് വിദ്യാഭ്യാസ ഡയറക്റ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പൊതുസമൂഹവും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും അധ്യാപക സുഹൃത്തുക്കളും ജനപ്രതിനിധികളും നിയമപാലകരും ഈ വിഷയം ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്ന സംഘടന നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പൂര്‍ത്തീകരിച്ചു കൊണ്ട് നടത്തുന്ന ഒരു സംസ്ഥാന യാത്രക്കെതിരില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ താങ്കളുടെ കൂടി അറിവോടെയാണെന്നു ന്യായമായ കാരണങ്ങളാല്‍ ഞാന്‍ അനുമാനിക്കുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇത്തരം ഒരു പൊതുനിലപാടിലേക്കെത്തിയത് എന്നറിയിക്കുവാനുള്ള ജനാധിപത്യ മര്യാദ താങ്കള്‍ കാണിക്കണം. ഫ്രറ്റേണിറ്റിയുടെ ജാഥ എല്ലാ ക്യാമ്പസുകളിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമെന്ന വിവരത്തിന്റെ ഉറവിടം എന്താണ്? സംഘര്‍ഷം എന്ന കാരണത്തെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ ആശയം വിദ്യാര്‍ത്ഥി സമൂഹത്തില്‍ പ്രചരിപ്പിക്കുവാനുള്ള ജനാധിപത്യ അവകാശങ്ങള്‍ സെലക്ട്ടീവായി ഹാനിക്കുന്നത് ആരുടെ നിര്‍ദേശപ്രകാരമാണ് ?  

യാഥാര്‍ഥ്യങ്ങളെ സൗകര്യപൂര്‍വം മറച്ചു വെച്ച് കൊണ്ട് എസ് എഫ് ഐ യുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി കേവലം കൂലിപ്പട്ടാളത്തിന്റെ റോളില്‍ കേരള പോലീസ് അധപതിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ സംവിധാനത്തില്‍ പോലീസ് നിര്‍വഹിക്കേണ്ട ദൗത്യവും ഉത്തരവാദിത്തവുമുണ്ട്. നിഷ്പക്ഷമായും നീതിയുക്തമായും സംരക്ഷണവും സുരക്ഷയും സമാധാന പാലനവും ഉറപ്പ് വരുത്തലാണത്. അതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരിലാണ് നടപടി എടുക്കേണ്ടത്. ഒരു വിഭാഗത്തോട് പക്ഷപാതിത്വവും മറ്റൊരു വിഭാഗത്തോട് വിവേചനവും കാണിക്കുന്നത് പോലീസിന്റെ വിശ്വാസ്യതയെ ആണ് തകര്‍ക്കുന്നത്. 'ണശവേീൗ േളലമൃ മിറ ളമ്ീൗൃ' എന്നത് ലജിസ്‌ളേച്ചറിനും ജുഡീഷ്യറിക്കും എന്ന പോലെ എക്‌സിക്ക്യൂട്ടീവിനും ബാധകമാണ്. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ കേവലവിദ്യാര്‍ത്ഥി സംഘടനകളല്ല പോലീസിനെ നിയന്ത്രിക്കേണ്ടത്; സംസ്ഥാന പൊലീസ് മേധാവി എന്ന നിലയില്‍ താങ്കളാണ്. ക്രിമിനലിസം അഴിച്ചു വിടുന്നവര്‍ക്കെതിരില്‍ നടപടികള്‍ സ്വീകരിക്കുകയും ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യേണ്ട കേരള പോലീസ് അഭിമാനബോധവും വിവേചന ബുദ്ധിയോട് കൂടിയുള്ള സ്വാതന്ത്രാധികാരവും പണയപ്പെടുത്തിയിരിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജാഥയുടെ വരുംനാളുകളില്‍ പോലീസിന്റെ ഈ പക്ഷപാതപരമായ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഭയമോ പ്രീണനമോ കൂടാതെ എക്‌സിക്യൂട്ടീവിന്റെ നിഷ്പക്ഷത ഉയര്‍ത്തിപ്പിടിക്കാനും പൊലീസിലുള്ള  വിശ്വാസ്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനും താങ്കള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നു.

ഷംസീര്‍ ഇബ്രാഹീം
സംസ്ഥാന പ്രസിഡന്റ്
ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

 

Latest News