ദുബായ്- ഒരു ലക്ഷം ദിര്‍ഹം അറിയാതെ കുപ്പത്തൊട്ടിയിലിട്ട ഇന്ത്യന്‍ പ്രവാസി കഴിഞ്ഞ നാലു വര്‍ഷമായി അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ കഥ ആരുടേയും കരളലിയിക്കും. ചെറിയൊരു അശ്രദ്ധയും, അത് സത്യസന്ധമായി തുറന്നുപറയാനുള്ള ആര്‍ജവവുമാണ് അബ്ദുല്‍ വഹാബ് എന്ന പ്രവാസിക്ക് എല്ലാം നഷ്ടപ്പെടുത്തിയത്. 9000 ദിര്‍ഹത്തിനടുത്ത് ശമ്പളമുണ്ടായിരുന്ന ഇയാള്‍ ഇന്ന് ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുകയാണ്.
താമസിച്ച ഫ്‌ളാറ്റില്‍നിന്ന് ഉടമ പുറത്താക്കി. കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പാസ്‌പോര്‍ട്ടും പിടിച്ചുവെച്ചു. ഒപ്പം കേസുകളും ജയില്‍വാസവും. നാട്ടില്‍പോകാനാവാതെ, ദുബായില്‍ ജോലി ചെയ്യാനാവാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുന്നു ഇയാള്‍. താമസിക്കാന്‍ സ്ഥലമോ വാടക കൊടുക്കാന്‍ പണമോ ഇല്ലാത്തതിനാല്‍ ഒരു കൂട്ടുകാരന്റെ കാറില്‍ അന്തിയുറക്കം. കടയില്‍നിന്ന് നൂഡില്‍സ് വാങ്ങി, ചൂടുവെള്ളത്തിലിട്ട് വേവിച്ച് തിന്ന് പട്ടിണി മാറ്റുന്നു. ഇനിയെത്ര കാലം ഇങ്ങനെ? വഹാബിന് അറിയില്ല.
അഭിശപ്തമായ ആ ദിനം: 2015 മാര്‍ച്ച് 10. സാധാരണ പോലെ ജോലിക്കിറങ്ങിയതാണ് വഹാബ്. ഒരു ഫ്രഞ്ച് റെസ്റ്റോറന്റ് ശൃംഖലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പതിവുപോലെ അവരുടെ മൂന്ന് ബ്രാഞ്ചുകളില്‍നിന്നുള്ള കലക്ഷനുമായി അദ്ദേഹം ദുബായിലെ മാളിലുള്ള ബാങ്ക് ശാഖയിലേക്ക് പോയി. ഇടക്ക് അസര്‍ നമസ്‌കാരത്തിനായി ഷാര്‍ജ അല്‍ നഹ്ദയിലെ ഖാലിദ് ബിന്‍ വലീദ് പള്ളിയിലെത്തി.
നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് താന്‍ കാര്‍ പാര്‍ക് ചെയ്ത സ്ഥലത്തിന് സമീപം ഒരു കുപ്പത്തൊട്ടി കണ്ടത്. കാറിലാണെങ്കില്‍ കുറെ പ്ലാസ്റ്റിക് ബാഗുകളും ഒഴിഞ്ഞ ശീതളപാനീയ കുപ്പികളുമൊക്കെ ഉണ്ടായിരുന്നു. എല്ലാമെടുത്ത് കുപ്പത്തൊട്ടിയിലിട്ട് കാര്‍ വൃത്തിയാക്കാമെന്ന് കരുതി വഹാബ്. തുടര്‍ന്ന് ദുബായ് മാളിലേക്ക് പോയി. അവിടെ പാര്‍ക്കിംഗിലെത്തി കാര്‍ പാര്‍ക് ചെയ്യുമ്പോഴാണ് വഹാബ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്. കുപ്പത്തൊട്ടിയിലിട്ട പ്ലാസ്റ്റിക് കവറുകള്‍ക്കൊപ്പം തന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ കവറും പെട്ടുപോയി.
നടുങ്ങിത്തെറിച്ച വഹാബ് ഉടന്‍ തിരിച്ചെത്തി കുപ്പത്തൊട്ടി പരിശോധിച്ചെങ്കിലും അപ്പോഴേക്കും അത് നഷ്ടപ്പെട്ടിരുന്നു. ഒഴിഞ്ഞ കുപ്പത്തൊട്ടി പോലെ തന്റെ ജീവിതവും ശൂന്യമായതായി അദ്ദേഹത്തിന് തോന്നി.
പണം നഷ്ടപ്പെട്ട കുപ്പത്തൊട്ടിക്ക് സമീപം വഹാബ്
ഉടന്‍ കമ്പനി മാനേജറെ വിളിച്ച് അദ്ദേഹം വിവരം പറഞ്ഞു. കമ്പനിക്ക് മോഷണത്തിനെതിരെ ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാര്യംകൂടി അവര്‍ പറഞ്ഞു. കുപ്പത്തൊട്ടിയില്‍ പണം ഉപേക്ഷിച്ചതാണെന്ന് പറയരുത്. പകരം മോഷണം പോയി എന്ന് പറഞ്ഞാല്‍ മതി.
എന്നാല്‍ കള്ളം പറയാന്‍ താന്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ പോലീസിനോട് ഉള്ളതുപോലെ തന്നെ പറഞ്ഞു. ഇതിന്റെ പ്രത്യാഘാതം വലുതായിരുന്നു.
1,05,439 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. ഈ പണം തന്റെ ശമ്പളത്തില്‍നിന്ന് ഗഡുക്കളായി പിടിച്ചുകൊള്ളാന്‍ കമ്പനിയോട് അപേക്ഷിച്ചു. തനിക്ക് 8625 ദിര്‍ഹം ശമ്പളമുണ്ടായിരുന്നു. എന്നാല്‍ ഇതിന് കമ്പനി തയാറായില്ല. പകരം തന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും നഷ്ടപ്പെട്ട പണത്തിന് പകരം ഒരു ചെക്ക് നല്‍കാനും ആവശ്യപ്പെട്ടു. താന്‍ അതിന് സമ്മതിച്ചു. എന്നാല്‍ ഇതിനുശേഷം മുന്നറിയിപ്പൊന്നും കൂടാതെ അവര്‍ തന്നെ പിരിച്ചുവിട്ടു. ഇതോടെ താന്‍ ബാധ്യതകളില്‍ മുങ്ങി. ജോലിയില്ലാതായതോടെ വരുമാനം നിലച്ചു. വാടക കൊടുക്കാനാവാതെ, താമസിച്ച ഫ്‌ളാറ്റില്‍നിന്ന് ഇറക്കിവിട്ടു. കാറിന്റെ അടവ് മുടങ്ങിയതോടെ ബാങ്ക് പരാതി നല്‍കി കേസുമായി.
തൊഴിലില്ല, വീടില്ല, ഭക്ഷണമില്ല. മൂന്നു മാസം സുഹൃത്തിന്റെ കാറില്‍ താമസിച്ചു. നൂഡില്‍സ് തിന്നു ജീവിച്ചു. സുഹൃത്തായ മുത്താന അവധിക്ക് പോകുംമുമ്പ് കാര്‍ വഹാബിന് നല്‍കി. സത്യസന്ധതക്ക് പകരമായി ഈ ദുരിതമല്ല വഹാബിന് കിട്ടേണ്ടത് എന്ന് പറഞ്ഞായിരുന്നു ഇത്.
2017 നും 2018 നുമിടക്ക് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ട് ഏഴുമാസത്തോളം ജയിലില്‍ കഴിഞ്ഞു. ചെക്ക് മടങ്ങിയ കേസിലും കുടിശ്ശിക അടക്കാത്ത കേസിലുമായിരുന്നു ഇത്.
യു.എ.ഇയില്‍ തന്നെ ജനിച്ചു വളര്‍ന്ന അബ്ദുല്‍ വഹാബ് ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചില്ല. സംഭവം നടക്കുമ്പോള്‍ തന്റെ കൈയില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. വേണമെങ്കില്‍ തനിക്ക് രാജ്യം വിടാമായിരുന്നു. അത് ഞാന്‍ ചെയ്തില്ല, ഞാന്‍ പണം മോഷ്ടിക്കുകയും ചെയ്തില്ല. പാസ്‌പോര്‍ട്ട് ഇപ്പോള്‍ ദുബായ് കോടതിയിലാണ്- ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി വഹാബ് പറഞ്ഞു.
രണ്ട് ഇളയ സഹോദരന്മാരോടൊപ്പം അബുദാബിയില്‍ ഞെരുങ്ങി ജീവിക്കുകയാണ് വഹാബ് ഇപ്പോള്‍. കുറഞ്ഞ വരുമാനക്കാരായ അവര്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവെച്ച വിന ഇത്രയും നീണ്ടുപോകുമെന്നും തന്റെ ജീവിതത്തെ ഇത്രമേല്‍ മാരകമായി ഗ്രസിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ശരിയാക്കി മാതൃനഗരമായ ഹൈദരാബാദിലേക്ക് പറക്കാനുള്ള മോഹവുമായി കഴിയുകയാണ് ഇയാള്‍. ഏഴു വര്‍ഷമായി മാതാപിതാക്കളെ കണ്ടിട്ട്. അവരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. മകനെ കാണുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ അവരുടെ ജീവിതത്തിലുള്ളു- നിറ കണ്ണുകളോടെ വഹാബ് പറഞ്ഞുനിര്‍ത്തി.