മക്ക - ഹജ് കാലത്ത് മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സീസൺ വിസകൾ നേടിയ സ്വകാര്യ സ്ഥാപനങ്ങളെയും കമ്പനികളെയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നു. ഏതു ജോലികൾ നിർവഹിക്കുന്നതിനാണോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എങ്കിൽ അതേ തൊഴിലുകൾ തന്നെയാണ് വിദേശികൾ നിർവഹിക്കുന്നത് എന്നും സീസൺ വിസകൾ ദുരുപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിന് 'തമാം അൽഹജ്' എന്ന് പേരിട്ട പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. നിരവധി സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സീസൺ വിസകളിൽ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾ രാജ്യത്ത് പ്രവേശിക്കുന്ന എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും സീസൺ തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശങ്ങളിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പരസ്പര സംയോജനത്തോടെ പ്രവർത്തിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
സീസൺ വിസ ദുരുപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതു മുതൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് സീസൺ തൊഴിലാളികളെ നിരീക്ഷിക്കലും നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യലും ഈ വിവരങ്ങൾ വേഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറലും ക്രമീകരിക്കലും എളുപ്പമാക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സീസൺ വിസയിൽ റിക്രൂട്ട് ചെയ്യുന്നവർ ഹജ് നിർവഹിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പുണ്യസ്ഥലങ്ങളിലും ശക്തമായ പരിശോധനകൾ നടത്തും. സീസൺ വിസകൾ ദുരുപയോഗിച്ച സംഭവങ്ങൾ മുൻ വർഷങ്ങളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഹജ് വിസകൾ ലഭിക്കാത്തവർക്ക് സീസൺ വിസകൾ വിൽപന നടത്തൽ പോലുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങൾ നടത്തുന്നത്. സീസൺ വിസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാതെ പകരം ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് വിസകൾ വിൽപന നടത്തുന്നത് പുണ്യസ്ഥലങ്ങളിൽ ശുചീകരണ നിലവാരം മോശമാകുന്നതിനും മറ്റും മുൻ വർഷങ്ങളിൽ ഇടയാക്കിയിരുന്നു.
ആവശ്യത്തിലധികം സീസൺ വിസകൾ നേടുന്ന ചില കമ്പനികളും സ്ഥാപനങ്ങളുമാണ് വിസയിൽ ഒരു ഭാഗം ഹജ് തീർഥാടകർക്ക് വിൽപന നടത്തുന്നത്. ഇത്തരം തട്ടിപ്പുകൾക്കും കൃത്രിമങ്ങൾക്കും തടയിടുന്നതിന് ശ്രമിച്ച് സീസൺ വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമീപ കാലത്ത് കർശനമാക്കിയിട്ടുണ്ട്.