ദമാം - കിഴക്കൻ പ്രവിശ്യയിൽ ജല വിതരണം സാധാരണ നിലയിലായതായി കിഴക്കൻ പ്രവിശ്യാ ജല വകുപ്പ് അറിയിച്ചു. പ്രധാന പൈപ്പ് ലൈനിലെ പൊട്ടൽ പരിഹരിച്ചതോടെയാണ് ദമാം, അൽകോബാർ, ഖത്തീഫ്, റാസ്തന്നൂറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും പൈപ്പ്‌ലൈൻ വഴി ജലവിതരണം സാധാരണ നിലയിലായത്. മറാഫിഖ് കമ്പനി സമുദ്രജല ശുദ്ധീകരണ ശാലയിൽ നിന്ന് ജുബൈലിലെ ജലസംഭരണികളിൽ ജലം എത്തിക്കുന്ന പൈപ്പ് ലൈനിൽ അഞ്ചു ദിവസം മുമ്പാണ് പൊട്ടലുണ്ടായത്.
കിഴക്കൻ പ്രവിശ്യയിലെ എല്ലാ നഗരങ്ങളിലും ജല വിതരണം സാധാരണ നിലയിലായിട്ടുണ്ടെന്ന് കിഴക്കൻ പ്രവിശ്യ ജല വകുപ്പ് മേധാവി എൻജിനീയർ ഹംദി അൽശറാരി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ ദിവസേന 8,20,000 ഘനമീറ്റർ ശുദ്ധീകരിച്ച സമുദ്രജലമാണ് പൈപ്പ്‌ലൈനുകൾ വഴി വിതരണം ചെയ്യുന്നത്. പൈപ്പ് ലൈനിലെ പൊട്ടൽ ശരിയാക്കുന്നതിനുള്ള ജോലികൾക്കിടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്തിരുന്നു. പൈപ്പ് ലൈനിലെ തകരാറ് ശരിയാക്കി ജലവിതരണം സാധാരണ നിലയിലായതോടെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിർത്തിവെച്ചിട്ടുണ്ട്. താൽക്കാലിക പരിഹാരമെന്നോണം ആശ്രയിച്ചിരുന്ന ടാങ്കർ ജലവിതരണവും നിർത്തിയിട്ടുണ്ടെന്ന് എൻജിനീയർ ഹംദി അൽശറാരി പറഞ്ഞു.