ജിദ്ദ - മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രമില്ലാത്ത 76,000 ലേറെ പേരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് സുരക്ഷാ വകുപ്പുകൾ തിരിച്ചയച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ശവ്വാൽ 25 മുതൽ ദുൽഖഅ്ദ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേരെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാതെ തിരിച്ചയച്ചവരുടെ എണ്ണത്തേക്കാൾ 62 ശതമാനം കൂടുതൽ പേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ തിരിച്ചയച്ചു. മക്കയിൽ പ്രവേശിക്കുന്നതിന് ലൈസൻസില്ലാത്ത 29,000 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തിരിച്ചയച്ച വാഹനങ്ങളേക്കാൾ 33 ശതമാനം അധികം വാഹനങ്ങൾ ഒരാഴ്ചക്കിടെ തിരിച്ചയച്ചു.
ശവ്വാൽ 25 (ജൂൺ 28) മുതലാണ് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ദുൽഹജ് പത്തു (ഓഗസ്റ്റ് 11) വരെ ഇത് നിലവിലുണ്ടാകും. ഹജ് കാലത്ത് ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കേണ്ട വിദേശികൾ ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ജവാസാത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ മുഖീം വഴിയാണ് അനുമതി പത്രം നേടേണ്ടത്. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചും രേഖകൾ സമർപ്പിച്ചുമാണ് അനുമതി പത്രത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. ജവാസാത്ത് ഡയറക്ടറേറ്റ് അനുവദിക്കുന്ന അനുമതി പത്രത്തിന്റെ പ്രിന്റൗട്ട് ഓൺലൈൻ വഴി തന്നെ എടുക്കുകയാണ് വേണ്ടത്. അനുമതി പത്രത്തിനു വേണ്ടി ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല.
മക്കയിൽ കഴിയുന്ന, ഇഖാമയില്ലാത്ത ഗാർഹിക തൊഴിലാളികൾക്കും മക്കയിൽ പ്രവേശിക്കുന്നതിന് അനുമതി പത്രം നൽകുന്നുണ്ട്. വ്യക്തികൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനുള്ള ജവാസാത്തിന്റെ പോർട്ടലായ അബ്ശിർ വഴിയാണ് ഗാർഹിക തൊഴിലാളികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി പത്രത്തിന് സ്‌പോൺസർമാർ അപേക്ഷ നൽകേണ്ടത്. മക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ ജോലി ചെയ്യുന്ന ഇഖാമയില്ലാത്ത വിദേശികൾക്കും മക്കയിൽ പ്രവേശിക്കുന്നതിന് അനുമതി പത്രം നൽകുന്നുണ്ട്. ഹജ് കാലത്ത് മക്കയിൽ ജോലികൾ നിർവഹിക്കുന്നതിന് കരാറുകൾ ഒപ്പുവെച്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഹജ് കാലത്ത് മക്കയിൽ ജോലികൾ നിർവഹിക്കുന്നതിന് കരാറുകൾ ഒപ്പുവെച്ച വ്യാപാര സ്ഥാപനങ്ങളിൽ താൽക്കാലിക തൊഴിലാളി കൈമാറ്റ സംവിധാനമായ അജീർ വഴി ജോലി ചെയ്യുന്ന വിദേശികൾക്കും മക്കയിൽ പ്രവേശിക്കുന്നതിന് അനുമതി പത്രം നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
ഹജ് സീസൺ പ്രമാണിച്ച് മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദേശികൾക്കുള്ള വിലക്ക് ജൂൺ 28 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. എല്ലാ വർഷവും ശവ്വാൽ 25 മുതൽ ദുൽഹജ് 10 വരെ മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദേശികൾക്ക് വിലക്കുണ്ട്. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവൻ വാഹനങ്ങളിലും മക്കയിൽ പ്രവേശിക്കുന്നവർക്ക് വിലക്ക് ബാധകമാണ്.
മക്കയിൽ താമസിക്കുന്ന, മക്ക ഇഖാമയുള്ളവർക്കും ഹജ് അനുമതി പത്രമുള്ളവർക്കും ഹജ് സീസണുമായി ബന്ധപ്പെട്ട ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കേണ്ടവർക്കും വിലക്ക് ബാധകമല്ല. നിയമ വിരുദ്ധമായി മക്കയിൽ പ്രവേശിക്കുന്ന വിദേശികളെ തടയുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. നിയമ, നിർദേശങ്ങൾ ലംഘിച്ച് മക്കയിൽ കടക്കുന്നതിന് ശ്രമിക്കുന്നവരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്.