Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

തബൂക്ക്- മലപ്പുറം കൊണ്ടോട്ടി സ്വദേശി കോഴിപ്പള്ളി ശശി എന്ന കെ.പി.ബാവ (46) യെ വാഹനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.എട്ടു വര്‍ഷമായി തബൂക്കില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടില്‍ പോയി രണ്ട് മാസം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ തിരിച്ചെത്തിയത്.


അല്‍ഉലയിലേക്ക് പോയി തിരിച്ചുവരുന്ന വഴിയില്‍  പെട്രോള്‍ പമ്പില്‍ കയറി എണ്ണയടിച്ചതിന് ശേഷം കാര്‍ അല്‍പം മുന്നോട്ടുനീക്കി ഓഫ് ചെയ്യുകയായിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുകയോ കാര്‍ ഓടിച്ച് പോകുന്നതോ കാണാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ശശി മരിച്ചു കിടക്കുന്നതായി കണ്ടത്.


 കാറിനകത്ത് ഉറങ്ങുമ്പോഴാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഭാര്യ: സജില. പ്ലസ് വണ്‍ വിദ്യാര്‍ഥി വിഷ്ണു, ഏഴാം തരം വിദ്യാര്‍ഥിനി ആര്യ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.സി.ഡബ്ല്യു വളണ്ടിയര്‍മാരും സന്നദ്ധ സംഘടനാ ഭാരവാഹികളും പറഞ്ഞു.

 

 

 

Latest News