ജിദ്ദ- ഇന്ത്യയിൽ നിന്ന് ഈ വർഷം ഹജ് നിർവഹിക്കാനെത്തുന്നവരിൽ ഏറ്റവും പ്രായം കൂടിയ തീർഥാടക ഇന്നലെ മദീനയിലെത്തി. 101 വയസ്സുകാരിയായ പഞ്ചാബിൽ നിന്നുള്ള അത്താർ ബീബിയാണ് ചിരകാല സ്വപ്‌ന സാക്ഷാൽകാരത്തിനായി പുണ്യ ഭൂമിയിലെത്തിയിട്ടുള്ളത്. അത്താർ ബീബിയെ ഹജ് മിഷൻ അധികൃതർ സ്വീകരിച്ചു. ഹറമിനു സമീപത്തെ ഹോട്ടലിലാണ് ഇവർക്ക് താമസമൊരുക്കിയിട്ടുള്ളത്. ഹജ് മിഷൻ ഡോക്ടർമാർ ഇവരെ പരിശോധിച്ച് ആരോഗ്യ ക്ഷമത ഉറപ്പു വരുത്തി. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഹജ് മിഷൻ പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസം അംബസഡർ ഡോ. ഔസാഫ് സഈദും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും വ്യക്തമാക്കിയിരുന്നു. പ്രായമായവർക്ക് സുഗമമായി കർമങ്ങൾ ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ഇരുവരും വെളിപ്പെടുത്തി.
മൂന്നാം ദിവസമായ ശനിയാഴ്ച വരെ ഇന്ത്യയിൽനിന്ന് ഹജ് കമ്മിറ്റി വഴി 7560 തീർഥാടകരാണ് എത്തിയത്. ദൽഹി, ഗയ, ഗുവാഹതി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ദിവസങ്ങളിൽ എത്തിയത്. നാലാം ദിവസമായ ഇന്നലെ മുതൽ കേരളത്തിൽ നിന്നുള്ള ഹാജിമാരും എത്താൻ തുടങ്ങി. കേരളത്തിൽനിന്നു മാത്രം ഇന്നലെ 900 തീർഥാടകർ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഹാജിമാരും ഇപ്പോൾ മദീനയിലാണുള്ളത്.
മൂന്നു ദിവസത്തിനിടെ 272 പേർ ചികിത്സാ സഹായം തേടി. ഇതിനു പുറമെ 300 പേർ മൊബൈൽ ചികിത്സാ സംഘത്തിലും ചികിത്സ തേടിയെത്തി.
മദീനയിൽ ഹാജിമാർ എട്ടു ദിവസമാണ് തങ്ങുക. ഈ മാസം 12 മുതൽ മദീനയിൽ നിന്ന് ഹാജിമാർ മക്കയിലേക്ക് മടങ്ങാൻ തുടങ്ങും. ഹജിനു ശേഷം ഇവർ ജിദ്ദ വഴിയായിരിക്കും നാട്ടിലേക്കു പോവുക. ഇക്കുറി കേരളത്തിൽ നിന്നുള്ള ഹാജിമാരെല്ലാം മദീനയിലാണ് എത്തുന്നത്. ഹജിനു ശേഷം ഇവരുടെ മടക്കം ജിദ്ദ വഴിയായിരിക്കും. ഈ വർഷം ഇന്ത്യയിൽ നിന്ന് രണ്ടു ലക്ഷം തീർഥാടകരാണ് ഹജ് നിർവഹിക്കാനെത്തുന്നത്.