Sorry, you need to enable JavaScript to visit this website.

നവോദയ ഹ്രസ്വ ചിത്ര മത്സരം: 'ഒരു നിമിഷം' മികച്ച ചിത്രം

ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് ഒരു നിമിഷത്തിന്റെ അണിയറ പ്രവർത്തകർ നവോദയ സെക്രട്ടറി രവീന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

 റിയാദ്- നവോദയ മുൻ ജോയന്റ് സെക്രട്ടറി രാജേന്ദ്രൻ നായരുടെ സ്മരണാർത്ഥം നവോദയ  സംഘടിപ്പിച്ച ഹ്രസ്വ ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാക്കിർ ദാനത്ത് നിർമിച്ച് സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ഒരു നിമിഷം ഏറ്റവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ഏറ്റവും മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രത്തിനുള്ള അവാർഡ് അമ്മയ്‌ക്കൊപ്പം നേടി. പ്രേക്ഷകർ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡിനർഹമായത്  സ്‌നേഹ തീരം ആണ്.
ഏറ്റവും മികച്ച തിരക്കഥാകൃത്ത്: സക്കീർ മണ്ണാർമല (ഒരു നിമിഷം), ഏറ്റവും മികച്ച സംവിധായകൻ:  സക്കീർ മണ്ണാർമല (ഒരു നിമിഷം), ഏറ്റവും മികച്ച ക്യാമറാമാൻ:  സാലിഹ് അഹമ്മദ് (സ്‌നേഹതീരം), ഏറ്റവും മികച്ച നടി: ബീന സെലിൻ (അമ്മയ്‌ക്കൊപ്പം), ഏറ്റവും മികച്ച നടൻ: ഷംസുദ്ദീൻ മാളിയേക്കൽ, ഷാനവാസ് പുല്ലൻകോട്. (സ്‌നേഹ തീരം) എന്നിവരെ തെരഞ്ഞെടുത്തു.
ആദ്യമായാണ് സൗദി പ്രവാസികൾക്കിടയിൽ ഹ്രസ്വ ചലച്ചിത്ര രംഗത്ത് ഇത്തരമൊരു അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. വർണാഭമായ ചടങ്ങിൽ എൽ ഇ ഡി സ്‌ക്രീനിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് പ്രഖ്യാപനവും.
എയർ ഇന്ത്യ റീജണൽ മാനേജർ മരിയപ്പൻ ഉദ്ഘാടനം ചെയ്തു. മികച്ച ഷോർട് ഫിലിമുകൾ ഇനിയും പിറവിയെടുക്കാൻ ഇത്തരം ഫെസ്റ്റിവൽസ് അവസരമൊരുക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡന്റ് ബാലകൃഷ്ണൻ, ശിഹാബ് കൊട്ടുകാട്, ഷക്കീല ടീച്ചർ, ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലൂർ, രാജൻ നിലമ്പൂർ, സത്താർ കായകുളം, ജലീൽ ആലപ്പുഴ, പ്രതീന ജയ്ജിത്ത്, സുബി സജിൻ എന്നിവർ സംസാരിച്ചു.
ഓരോ അവാർഡിനും മൂന്ന് നോമിനേഷനുകൾ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് വിശിഷ്ടതിഥികൾ അവാർഡിനർഹമായ സിനിമയേയും വ്യക്തികളേയും പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരായ വി ജെ നസ്‌റുദ്ദീൻ, സുലൈമാൻ ഊരകം, സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, രവീന്ദ്രൻ, ഷൈജു ചെമ്പൂര്, പ്രമോദ് തട്ടകം, ഷകീല വഹാബ്, വിനോദ് പയ്യന്നൂർ എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നാട്ടിലെ സംവിധായകരായ റജി നായർ, സുജിത് കോഴിക്കോട്, രാജീവൻ മമ്മിളി എന്നിവരടങ്ങുന്ന ജൂറിയായിരുന്നു വിധികർത്താക്കൾ. പ്രവാസികൾ നിർമിച്ച 14 ഷോർട് ഫിലിമുകളിൽ നിന്നും 8 ഷോർട് ഫിലിമുകളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. രാജേന്ദ്രൻ നായരെ  കുറിച്ചുള്ള വീഡിയോ പ്രൊഫൈലും ജൂറി അംഗങ്ങളുടെ  അഭിപ്രായങ്ങളും വീഡിയോ വഴി പ്രദർശിപ്പിച്ചു. രവി റാഫി നിർമിച്ച ചെങ്കൊടി എന്ന ആൽബവും വേദിയിൽ പ്രദർശിപ്പിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ചു കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ജരീർ മെഡിക്കൽ സെന്ററിനും ഗോപൻ കൊല്ലം, സജിൻ എന്നിവർക്കും വിപ്ലവ ഗാനത്തിന്റെ ആൽബം ഒരുക്കിയ രവി റഫീക്കിനും സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി. സജിൻ അവതാരകനായിരുന്നു. കുമ്മിൾ സുധീർ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.    

Latest News