റിയോഡിജനീറോ - പെറുവിനെ 3-1 ന് തകര്‍ത്ത് ബ്രസീല്‍ ഒരു വ്യാഴവട്ടത്തിനു ശേഷം കോപ അമേരിക്ക ഫുട്‌ബോള്‍ കിരീടം വീണ്ടെടുത്തു. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനിന്ന നെയ്മാര്‍ ഗാലറിയില്‍ നിന്ന് നല്‍കിയ ആവേശം കൈമുതലാക്കി പൊരുതിക്കയറിയ മഞ്ഞപ്പട തിങ്ങിനിറഞ്ഞ മാരക്കാനായില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. നെയ്മാറിന്റെ പകരക്കാരനായി ടീമില്‍ ഇടം നേടിയ എവര്‍ടനായിരുന്നു ബ്രസീലിന്റെ വിജയശില്‍പി. എവര്‍ടന്‍ ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്തു. എഴുപതാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കിട്ടി ഗബ്രിയേല്‍ ജെസൂസ് പുറത്തായ ശേഷം മുള്‍മുനയിലായിരുന്നു ബ്രസീല്‍. എന്നാല്‍ ഉറുഗ്വായെയും കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ ചിലെയെയും അട്ടിമറിച്ച പെറുവിന് മറ്റൊരു അട്ടിമറി സാധ്യമായില്ല.
ഒമ്പതാം തവണയാണ് ബ്രസീല്‍ കോപ അമേരിക്ക ചാമ്പ്യന്മാരാവുന്നത്. അതില്‍ അഞ്ചും സ്വന്തം മണ്ണില്‍ ടൂര്‍ണമെന്റ് നടന്നപ്പോഴാണ്. ഗബ്രിയേല്‍ ജെസൂസ്, റിച്ചാര്‍ലിസന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. ബ്രസിലീലില്‍ കോപ നടന്നപ്പോഴെല്ലാം ബ്രസീലായിരുന്നു ചാമ്പ്യന്മാര്‍.
എവര്‍ടന്‍ ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഗോളോടെ ടോപ്‌സ്‌കോറര്‍ സ്ഥാനവും പങ്കിട്ടു. ബ്രസീല്‍ നായകനും റൈറ്റ് ബാക്കുമായ ഡാനി ആല്‍വേസ് ടൂര്‍ണമെന്റിലെ മികച്ച താരമായി.
എഴുപതിനായിരത്തോളം പേരാണ് മാരക്കാനായില്‍ ഫൈനല്‍ കണ്ടത്. നെയ്മാറും പുത്രനും ബ്രസീലിന്റെ തീവ്രലതുപക്ഷ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോക്കൊപ്പം കളി വീക്ഷിച്ചു. ബോള്‍സനാരോയെ ജനക്കൂട്ടം കൂവി വിളിച്ചു.