റിയാദ്- സൗദി തൊഴിൽ വിപണിയിൽ പരമാവധി സ്വദേശി പൗരന്മാർക്ക് നിയമനം നൽകുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ നിസ്സഹകരണമാണെന്ന് തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവ ശേഷി വികസന നിധി (ഹദഫ്) വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വദേശിവത്കരണ പദ്ധതികൾക്ക് പ്രധാനമായി ഏഴ് പ്രതിബന്ധങ്ങളാണ് നിലനിൽക്കുന്നതെന്ന് ഹദഫ് പ്രസ്താവനയിൽ വിശദീകരിച്ചു. സൗദി പൗരന്മാർക്ക് പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് ആകർഷകമായ തൊഴിലുകൾ ഇല്ലായെന്നത് ഒരു പ്രധാന പ്രശ്‌നമാണ്.
സ്വദേശികളെ ആകർഷിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുകയും സ്ത്രീകൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ മാത്രമേ ഈ തടസ്സം മറികടക്കാൻ സാധിക്കൂ. സൗദി വിപണിക്ക് ആവശ്യമായ അത്ര ഉദ്യോഗാർഥികൾ വിദ്യാഭ്യാസ -- പരിശീലന കേന്ദ്രങ്ങളിൽനിന്ന് സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങുന്നില്ലെന്നതാണ് മറ്റൊരു പ്രതിബന്ധം. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ശാസ്ത്രീയമായ പഠനം നടത്തി, ഭാവിയിൽ വിപണിയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രാവർത്തികമാക്കണം.
നഗരങ്ങളിൽ നിന്ന് വിദൂരമായ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നതാണ് നാലാമത്തെ തടസ്സം. കൂടാതെ ഇത്തരം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വാണിജ്യം ശുഷ്‌കിക്കുന്നതും വൻകിട സ്ഥാപനങ്ങൾ ഇല്ലായെന്നതും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. എന്നാൽ ഈ മേഖലകളിലെ സ്ഥാപനങ്ങളിലെ പരമാവധി ജോലികൾക്ക് വീടുകളിൽനിന്ന് നിർവഹിക്കാവുന്ന വിദൂര തൊഴിൽ സംവിധാനം വഴി സ്വദേശികളെ നിയമിക്കുന്നതിനെ കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.
തൊഴിലിടങ്ങളിലെ ആവശ്യത്തിന് അനുസൃതമായി തൊഴിൽ അന്വേഷകരെ പുറത്തിറക്കുന്നതിൽ ദേശീയ സ്ഥാപനങ്ങൾ ശേഷി കൈവരിക്കാത്തതാണ് സ്വദേശിവത്കരണം കാര്യക്ഷമമാക്കുന്നതിലെ അഞ്ചാമത് വെല്ലുവിളിയെന്ന് ഹദഫ് വെളിപ്പെടുത്തുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ടെക്‌നിക്കൽ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് കോർപറേഷൻ (ടി.വി.ടി.സി) അധികൃതർ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും തയാറായില്ലെങ്കിൽ സ്വദേശിവത്കരണ നടപടികൾ ഊർജിതമാക്കുന്നതിനുള്ള ഈ പ്രതിബന്ധവും അവസാനിക്കില്ല. നിരവധി അപേക്ഷകർക്ക് തങ്ങളുടെ യോഗ്യതയ്ക്കും കഴിവുകൾക്കും അനുയോജ്യമായ തൊഴിൽദാതാക്കളെ നിർണയിക്കാൻ സാധിക്കുന്നില്ല എന്നതും സ്വദേശികൾക്ക് നിയമനം നൽകുന്നതിന് തടസ്സമാണ്. കൃത്യമായ ഇടവേളകളിൽ തൊഴിലുടമകളെയും ഉദ്യോഗാർഥികളെയും ബോധവൽക്കരിക്കുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിച്ച് ഈ പ്രതിബന്ധം മറികടക്കാനാകുമെന്ന് ഹദഫ് പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയിലെ വേതനം തുഛമാണെന്നന്നാണ് സ്വദേശിവത്കരണം ഫലവത്തായി പൂർത്തിയാക്കുന്നതിലെ ഏഴാമത്തെ കടമ്പ. ഓരോ തസ്തികകൾക്കും അനുയോജ്യമായ ശമ്പളം ജീവനക്കാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേതന സുരക്ഷാ പദ്ധതി സമ്പൂർണമായി നടപ്പിലാക്കണമെന്നും ഹദഫ് പ്രസ്താവനയിൽ നിർദേശിച്ചു.