Sorry, you need to enable JavaScript to visit this website.

വാഹനങ്ങള്‍ കടം വാങ്ങി പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം അറസ്റ്റില്‍; 24 വാഹനങ്ങള്‍ പിടിച്ചു

കോട്ടയം-  ആഡംബര വാഹനങ്ങള്‍ കടം വാങ്ങി പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പോലീസ് പിടിയിലായി. ഇവര്‍ കോവളം മുതല്‍ കൊയിലാണ്ടി വരെ പണയം വെച്ച 24 വാഹനങ്ങള്‍ പോലിസ് പിടികൂടി. കോട്ടയം കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു. വാകത്താനം സ്വദേശി പാലച്ചുവട് കടുവാക്കുഴിയില്‍ വീട്ടില്‍ കെ എസ് എന്ന് വിളിപ്പേരുള്ള അരുണ്‍ കെ.എസ്, പൂവന്തുരുത്ത് പവര്‍  ഹൗസ് ഭാഗത്ത് മാങ്ങാപ്പറമ്പില്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ്, മലപ്പുറം ജില്ലയില്‍ മേലാറ്റൂര്‍ പള്ളിപ്പടി ചാലിയത്തോടിക വീട്ടില്‍ അഹമ്മദ് ഇര്‍ഫാനൂല്‍ ഫാരിസ് (ഇര്‍ഫാന്‍) തൃശൂര്‍ കൂര്‍ക്കഞ്ചേരി കൊട്ടക്കത്തില്‍ വീട്ടില്‍ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. സംക്രാന്തി സ്വദേശി മനാഫ് നസീര്‍ , പനച്ചിക്കാട് തുണ്ടിയില്‍ വീട്ടില്‍ ശംഭു ഉണ്ണി എന്നിവരും കേസിലുണ്ട്.
നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ ആഴ്ചകളോളം  മുറിയെടുത്ത്  വിലകൂടിയ വാഹനങ്ങളില്‍ കറങ്ങി ആഡംബര ജീവിതം നയിച്ച ഇവര്‍ പരിചയത്തിലുള്ള ആളുകളുടെ വാഹനങ്ങള്‍ കൈക്കലാക്കുകയും തൃശൂര്‍ എറണാകുളം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക്  പണയം വെച്ചുവെന്നുമാണ് പോലീസ് പറഞ്ഞത്.
ഉടമകള്‍ അന്വേഷിച്ച് എത്തുമ്പോള്‍ തങ്ങള്‍ ഗുണ്ടാ സംഘങ്ങളുടെ ആളുകളാണെന്നും പണം വാങ്ങിയത് ഗുണ്ടാ നേതാക്കള്‍ ആണെന്നും പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. അവധിക്കെത്തുന്ന വിദേശ മലയാളികള്‍ക്ക് വാടകയ്ക്ക് നല്‍കാനാണെന്ന പേരിലും ഇവര്‍  പരിചയക്കാരില്‍നിന്ന് വാഹനങ്ങള്‍ കരസ്ഥമാക്കി പണയം വെക്കും. പണയം  വാങ്ങുന്ന ആളുകള്‍ കൂടിയ തുകയ്ക്ക് മറ്റാളുകള്‍ക്ക് പണയം വെക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യും.
കോവളം, കൊല്ലം, എഴുപുന്ന, തൃശൂര്‍,പുതുക്കാട്,കുറ്റിപ്പുറം, പാണ്ടിക്കാട്, കൊയിലാണ്ടി, കോട്ടക്കല്‍, കരിപ്പൂര്‍, കോഴിക്കോട് , വടക്കന്‍ പറവൂര്‍, ആതിരപ്പള്ളി, മലക്കപ്പാറ, ബാലുശ്ശേരി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്.  
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡും വ്യാജമായി ഉണ്ടാക്കി വാഹന ഉടമസ്ഥനാണെന്ന വ്യാജേന ഇവരില്‍ ഒരാള്‍ എത്തിയെന്നും വാഹന വില്‍പ്പനയും നടത്തിയതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പണം ആഡംബര ജീവിതം നയിക്കാനും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് ഇവര്‍ ഉപയോഗിക്കുന്നത്.വാഹനങ്ങള്‍ വിവിധ ഇടങ്ങളില്‍ എത്തിക്കുവാന്‍ ഇവര്‍ കുട്ടികളെ ഉള്‍പ്പടെ ഉപയോഗിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.  

 

 

Latest News