Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍നിന്ന് മദീനയിലേക്ക് വ്യോമയാന പാത; യാത്രാ സര്‍വീസുകള്‍ക്ക് പ്രചോദനമാകും

കരിപ്പൂരില്‍നിന്ന് ഹാജിമാരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നു.

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വീണ്ടും ഹജ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ലഭിച്ചത് പ്രവാചക നഗരിയിലേക്കുളള പുതിയ വ്യോമയാന പാത. കരിപ്പൂരില്‍നിന്ന് ഇതുവരെ മദീനയിലേക്ക് വ്യോമയാന പാത ഉണ്ടായിരുന്നില്ല.

2002-ല്‍ ആദ്യമായി കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം പറന്നിറങ്ങിയതും ഹജ് സര്‍വ്വീസിന് വേണ്ടിയായിരുന്നു. പിന്നീട് എയര്‍ ഇന്ത്യ ഈ വിമാനം ഉപയോഗിച്ച് ജിദ്ദ,റിയാദ് സെക്ടറില്‍ യാത്ര സര്‍വീസ്  തുടങ്ങി. നിലവില്‍ കരിപ്പൂര്‍-മദീന സെക്ടര്‍ തുറന്നത് യാത്രാ സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് പ്രചോദനമാകും. സൗദി സെക്ടറില്‍ ജിദ്ദ,റിയാദ്,ദമാം എന്നിവടങ്ങളിലേക്ക് സര്‍വീസുണ്ടെങ്കിലും യാത്രക്കാര്‍ ഏറെയുളള മദീന സെക്ടറില്‍ വിമാനങ്ങളില്ല.
കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന് ശേഷം ആദ്യമായാണ് ഹജ് സര്‍വീസ് പുനരാരംഭിച്ചത്. 2014-ാലാണ് അവസാനമായി ഹജ് സര്‍വീസ് നടന്നത്. 14 വര്‍ഷം ഹജ് സര്‍വീസ് മുടക്കമില്ലാതെ നടന്നിട്ടും 2015ലെ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കിട്ടതോടെ ജിദ്ദയിലേക്കുളള വ്യോമയാന പാത നിലച്ചതാണ് ഹജ് സര്‍വ്വീസുകള്‍ക്കും തിരിച്ചടിയായത്. ഇതോടെ കരിപ്പൂരിന് നഷ്ടപ്പെട്ട ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഹജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് പുറപ്പെട്ടത്. ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടേയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ വീണ്ടും ഹജ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനായത്.
കരിപ്പൂരില്‍ ജംബോ 747 ഉള്‍പ്പടെ കോഡ് ഇ വിഭാഗത്തില്‍ പെട്ട മുഴുവന്‍ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെ ജംബോ ജിദ്ദയിലേക്കും എമിറേറ്റ്‌സ് എയറിന്റെ വിമാനം ദുബായിലേക്കും സര്‍വീസ് ഷെഡ്യൂള്‍ ചെയ്തുവരികയാണ്. 2015-ല്‍ നിര്‍ത്തലാക്കിയ വിമാനങ്ങളാണ് ഇവരണ്ടും. നിര്‍ത്തലാക്കിയ സൗദി എയര്‍ലെന്‍സ് ജിദ്ദ,റിയാദ് സര്‍വ്വീസ് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചിട്ടുണ്ട്. സൗദി എയര്‍ലെന്‍സ് മദീന സര്‍വീസ് തുടങ്ങാനുളള തയാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു.
 

 

 

Latest News