ഉദിനൂര്‍- ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ വീട്ടില്‍ വന്നു സമ്മര്‍ദം ചെലുത്തി വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങിയതായി ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് രംഗത്തുവന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി.കെ സുബൈദയാണ് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുന്നതിനാണ് യു.ഡി.എഫ് നേതാക്കള്‍ ഈ നാടകം കാണിച്ചതെന്നും ഒരു കാരണവശാലും ക്രിമിനല്‍ കേസ് പിന്‍വലിക്കില്ലെന്നും സുബൈദ തുറന്നു പറയുന്നു. 2016 ല്‍ പടന്നയിലെ ഷെഫീഖും ഉമ്മയും ഇളയമ്മയും എത്തി എന്റെ വീട് ആക്രമിക്കുകയും അതിക്രമിച്ചു കയറി മകളെയും വീട്ടിലുള്ളവരെയും ആക്രമിച്ച കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നു വരികയാണ്. അത് പിന്‍വലിക്കാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍ കേസ് രാജിയായെന്നും സ്റ്റാമ്പ് പേപ്പറില്‍ സുബൈദ ഒപ്പിട്ടു തന്നുവെന്നും യു.ഡി.എഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും സുബൈദ പറയുന്നു. ഞാന്‍ ഒരു മുദ്രപത്രത്തിലും ഒപ്പിട്ടു കൊടുത്തിട്ടില്ല. കുറെ നേതാക്കള്‍ വീട്ടില്‍ വന്നു വെള്ള കടലാസില്‍ ഒപ്പ് വാങ്ങിയത് ഇതിനാണെന്ന് അറിഞ്ഞത് യു.ഡി.എഫ് നേതാക്കള്‍ പുറത്തു പറഞ്ഞപ്പോള്‍ ആണെന്ന് സുബൈദ വെളിപ്പെടുത്തുന്നു. വെള്ളക്കടലാസില്‍ ഇട്ടുകൊടുത്തത് എന്റെ ഒപ്പല്ല. ഒന്ന് വരച്ചത് മാത്രമാണ്. അക്രമം നടത്തിയ ഷെഫീഖ് എന്റെ വീട്ടില്‍ വന്നു മാപ്പ് പറയണം. അപ്പോള്‍ കേസ് പിന്‍വലിക്കണോ എന്ന് ആലോചിക്കാം എന്നാണ് കോണ്‍ഗ്രസിന്റെ വനിതാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ നിലപാട്. സുബൈദയുടെ ഈ നിലപാട് പടന്നയില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.