മക്ക - ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. നേരത്തെ നിശ്ചയിച്ച അതേ സമയത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിച്ചു. മേൽക്കൂരയിൽ മാർബിൾ പതിക്കൽ, ചോർച്ച തടയൽ, മേൽക്കൂരയിലെയും തൂണുകളിലെയും മര ഉരുപ്പടികളുടെയും വാതിലിന്റെയും ഉൾവശത്തെ കവാടത്തിന്റെയും ഗോവണിയുടെയും അറ്റകുറ്റപ്പണികൾ അടക്കമുള്ള ജോലികളാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം മധ്യത്തിലാണ് വിശുദ്ധ കഅ്ബാലയത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. വിശുദ്ധ കഅ്ബാലയത്തിൽ പതിവ് അറ്റകുറ്റപ്പണി ജോലികൾ നടത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു. ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായും പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികൾ പൂർത്തിയാക്കിയത്.