ദമാം - പ്രമുഖ സ്വകാര്യ കമ്പനിയിൽ നിന്ന് 30 ലേറെ സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതിന് ശ്രമിച്ച വിദേശിയെ കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് പിരിച്ചുവിട്ടു. കമ്പനിയിൽ മാനവശേഷി വിഭാഗത്തിലെ ഉന്നത ജോലി മുതലെടുത്താണ് സൗദികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് വിദേശി നടപടികളെടുത്തത്. സ്വദേശികളിൽ ഒരാളെ പിരിച്ചുവിട്ട വിദേശി അവശേഷിക്കുന്നവരെ പിരിച്ചുവിടുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മാനവശേഷി വിഭാഗത്തിൽ വിദേശികൾ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് കമ്പനിയിലെ മാനവശേഷി വിഭാഗത്തിൽ വിദേശി ജോലി ചെയ്തിരുന്നതെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു.
കമ്പനിയിൽ മാനവശേഷി വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശി സൗദി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെ കുറിച്ച് പരാതിപ്പെടുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ പ്രശ്‌നത്തിൽ ഇടപെട്ടത്. അൽകോബാറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ അൽകോബാർ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പൂർണമായും സൗദിവൽക്കരിച്ച തൊഴിലിൽ വിദേശിയെ നിയമിച്ച് കമ്പനി നിയമം ലംഘിച്ചതായി കണ്ടെത്തി. മാനവശേഷി വിഭാഗത്തിലെ ജോലി ദുരുപയോഗിച്ചാണ് സൗദികളെ നിയമ വിരുദ്ധമായി പിരിച്ചുവിടുന്നതിന് വിദേശി ശ്രമിച്ചതെന്നും പരിശോധനക്കിടെ വ്യക്തമായി. മറ്റു നിരവധി നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി. ഈ നിയമ ലംഘനങ്ങൾക്ക് കമ്പനിക്ക് 4,20,000 റിയാൽ പിഴ ചുമത്തി.
പിരിച്ചുവിടുന്നതിന് കമ്പനി തീരുമാനിച്ച സ്വദേശികളുടെ പ്രശ്‌നത്തിന് ലേബർ ഓഫീസ് ഇടപെട്ട് പരിഹാരം കാണുകയും ഇവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനകം പിരിച്ചുവിട്ട മറ്റൊരു സ്വദേശി ജീവനക്കാരന്റെ കേസിൽ അൽകോബാർ ലേബർ ഓഫീസിനു കീഴിലെ തൊഴിൽ തർക്ക പരിഹാര വിഭാഗം ഇടപെട്ട് രമ്യമായി പരിഹാരം കണ്ടു. ഈ ജീവനക്കാരന് സർവീസ് ആനുകൂല്യമായി 4,90,000 റിയാൽ ലഭ്യമാക്കി. മാനവശേഷി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദേശിക്ക് ഫൈനൽ എക്‌സിറ്റ് വിസ നൽകി തൽസ്ഥാനത്ത് സൗദി പൗരനെ നിയമിച്ചു.
മറ്റു നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതു വരെ കമ്പനിയുടെ പദവി അൽകോബാർ ലേബർ ഓഫീസ് നിരീക്ഷിച്ചുവരികയാണ്. സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ അറിയിക്കണം. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു.