റിയാദ് - സൗദിയിൽ 220 വിദേശ കോൺട്രാക്ടിംഗ് കമ്പനികൾ നിയമാനുസൃതം പ്രവർത്തിക്കുന്നതായി ഔദ്യോഗിക കണക്ക്. സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയിൽ ഇത്രയും വിദേശ കോൺട്രാക്ടിംഗ് കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ 17,290 സ്വേദശികളും 99,390 ഓളം വിദേശികളും ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 55 വിദേശ കോൺട്രാക്ടിംഗ് കമ്പനികൾ പുതുതായി സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി പ്രസിഡന്റ് ഉസാമ അൽഅഫാലിഖ് പറഞ്ഞു. കഴിഞ്ഞ വർഷം 37 വിദശ കോൺട്രാക്ടിംഗ് കമ്പനികളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത്.
ഈ വർഷം ആദ്യ പാദത്തോടെ അതോറിറ്റി രജിസ്‌ട്രേഷനുള്ള കോൺട്രാക്ടിംഗ് സ്ഥാപനങ്ങളുടെ എണ്ണം 3075 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 375 സ്ഥാപനങ്ങൾ തീരെ ചെറിയ സ്ഥാപനങ്ങളാണ്. ഇവയിൽ 228 സ്വദേശികളും 577 വിദേശികളും ജോലി ചെയ്യുന്നു. 1182 ചെറിയ വിഭാഗം കോൺട്രാക്ടിംഗ് സ്ഥാപനങ്ങളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ 4187 സൗദികളും 21,000 വിദേശികളും ജോലി ചെയ്യുന്നു. ഇടത്തരം കോൺട്രാക്ടിംഗ് സ്ഥാപനങ്ങളിൽ 11,000 സൗദി ജീവനക്കാരും 62,480 വിദേശ തൊഴിലാളികളുമുണ്ട്. ഈ വിഭാഗത്തിൽ പെട്ട 670 കോൺട്രാക്ടിംഗ് കമ്പനികളാണുള്ളത്. 431 വൻകിട കോൺട്രാക്ടിംഗ് കമ്പനികൾ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ 1,18,100 സൗദികളും 7,58,510 വിദേശികളും ജോലി ചെയ്യുന്നു.
ഈ വർഷം ആദ്യ പാദത്തിൽ 796 കോൺട്രാക്ടർമാർ അതോറിറ്റി അംഗത്വം നേടി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 540 കോൺട്രാക്ടർമാരാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ 256 കോൺട്രാക്ടിംഗ് കമ്പനികൾ അതോറിറ്റിയിൽ അധികം രജിസ്റ്റർ ചെയ്തു. കോൺട്രാക്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കൽ, ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കൽ എന്നിവക്ക് അതോറിറ്റി മുഖ്യ പരിഗണന നൽകും. അഞ്ചും അതിൽ കുറവും ജീവനക്കാർ മാത്രമുള്ള, തീരെ ചെറിയ വിഭാഗത്തിൽ 135 കോൺട്രാക്ടിംഗ് സ്ഥാപനങ്ങളാണ് ഈ വർഷം ആദ്യ പാദത്തിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത്. ഈ സ്ഥാപനങ്ങളിൽ ആകെ 53 സൗദികളും 162 വിദേശികളും ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഈ ഗണത്തിൽ പെട്ട 20 സ്ഥാപനങ്ങൾ മാത്രമാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ആറു മുതൽ 49 വരെ ജീവനക്കാരുള്ള 291 ചെറുകിട കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ ഈ വർഷം ആദ്യ പാദത്തിൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനങ്ങളിൽ 739 സൗദികളും നാലായിരത്തോളം വിദേശികളും ജോലി ചെയ്യുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ 159 ചെറുകിട കോൺട്രാക്ടിംഗ് സ്ഥാപനങ്ങളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തത്. 50 മുതൽ 249 വരെ ജീവനക്കാരുള്ള 145 ഇടത്തരം കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ ഈ വർഷം ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനങ്ങളിൽ 1794 സ്വദേശികളും 10,460 വിദേശികളും ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഈ വിഭാഗത്തിൽ പെട്ട 146 സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഈ സ്ഥാപനങ്ങളിൽ 2755 സൗദികളും 16,470 വിദേശികളും ജോലി ചെയ്യുന്നുണ്ട്.
250 ൽ കൂടുതൽ ജീവനക്കാരുള്ള 61 വൻകിട കോൺട്രാക്ടിംഗ് കമ്പനികൾ ഈ വർഷം ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനങ്ങളിൽ 13,300 ഓളം സൗദികളും 61,670 വിദേശികളും ജോലി ചെയ്യുന്നുണ്ട്. ഈ ഗണത്തിൽ പെട്ട 166 കോൺട്രാക്ടിംഗ് കമ്പനികൾ കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ സ്ഥാപനങ്ങളിൽ 43,830 സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്നും ഉസാമ അൽഅഫാലിഖ് പറഞ്ഞു.