അബുദാബി- ആധാറിനായുള്ള വിദേശ ഇന്ത്യക്കാരുടെ കാത്തിരിപ്പ് ഒഴിവാക്കിയ കേന്ദ്ര ബജറ്റ് നിര്‍ദേശത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് കാലതാമസമില്ലാതെ ആധാര്‍ നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് സാധാരണ നടപടി അനുസരിച്ചുള്ള സമയപരിധി ആയ 180 ദിവസം കാത്തിരിക്കാതെ ആധാര്‍ ലഭ്യമാക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.
ആധാര്‍ ലഭിക്കുന്നതോടെ പ്രവാസികള്‍ക്ക് ബാങ്കുകളില്‍ കെ.വൈ.സി നടപടി അതിവേഗം പൂര്‍ത്തിയാകുകയും ഇടപാടുകള്‍ നടത്താനും കഴിയും. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പ്രവാസികള്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും സാധിക്കും.
വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കാന്‍ നിലവിലെ നിയമം അനുവദിച്ചിരുന്നില്ലെങ്കിലും നാട്ടില്‍ എത്തിയാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാണിക്കേണ്ട അവസ്ഥയാണ്. 2019 ജനുവരി 31വരെയുള്ള കണക്ക് പ്രകാരം ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി 123.82 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം നിക്ഷേപ രംഗത്തും പ്രവാസി ഇന്ത്യക്കാര്‍ക്ക് പരിധിയില്ലാത്ത ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റുമായി ലയിപ്പിക്കാനാണ് ബജറ്റ് നിര്‍ദേശം.
വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ വേണമോ വേണ്ടയോ എന്ന ആശയക്കുഴപ്പം ഇതിലൂടെ മാറിയതായി ദുബായില്‍ താമസിക്കുന്ന അഞ്ജലി നായര്‍ പറഞ്ഞു. ആധാറിന് അപേക്ഷിക്കുന്നത് ഇതോടെ എളുപ്പമായിരിക്കയാണ്. ആറുമാസത്തെ കാത്തിരിപ്പ് ഒഴിവാകുകയും ചെയ്യും- അവര്‍ പറഞ്ഞു.
നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പണമിടപാടി, തിരിച്ചറിയല്‍ രേഖ ആവശ്യമുള്ള കാര്യങ്ങള്‍ എന്നിവയില്‍ പ്രവാസികള്‍ക്ക് ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് കരുതാം- അദ്ദേഹം പറഞ്ഞു.