കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ നാലു പേജ് പ്രസ്താവന എഴുതാൻ സഹായിക്കുകയോ, എഡിറ്റ് ചെയ്യുകയോ ചെയ്തത് ആരായാലും അവരുടെ വൈഭവം സമ്മതിക്കുക തന്നെ വേണം. സമകാലിക ഇന്ത്യയുടെ യഥാർഥ ചിത്രം കുറിക്കുകൊള്ളുന്ന വാക്കുകളിൽ കോറിയിട്ടിട്ടുണ്ട് അതിൽ.
രണ്ടു മാസത്തോളം നീണ്ട കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണ യത്‌നത്തിലുടനീളം രാഹുൽ ഉയർത്തിയ ആശയങ്ങളുടെ തനിപ്പകർപ്പ് തന്നെയാണത്. ചില നിശ്ചയദാർഢ്യങ്ങൾ ഊന്നിപ്പറയാനും സ്വന്തം പാർട്ടിയിലേക്ക് ആത്മവിമർശനത്തോടെ തിരിഞ്ഞുനോക്കാനും തയാറാകുന്നു എന്നതാണ് അതിൽ അധികമായി കാണാനുള്ളത്. രാഹുലിന്റെ പ്രസ്താവന സ്വാഗതം ചെയ്തുകൊണ്ട് സഹോദരി പ്രിയങ്ക പറഞ്ഞത് പൂർണമായും ശരിവെക്കണം: ഇതുപോലെ പറയാൻ അധികമാർക്കും ധൈര്യമുണ്ടാകില്ല.
ബി.ജെ.പിക്കും അവരുടെ പ്രത്യയശാസ്ത്ര പേടകമായ ആർ.എസ്.എസിനുമെതിരെ രൂക്ഷമായ വാക്കുകളിലാണ് രാഹുൽ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ താൻ തെരഞ്ഞെടുപ്പ് വേളയിൽ ഉന്നയിച്ച ആരോപണങ്ങൾ കെട്ടുപോയിട്ടില്ലെന്ന് ഓർമിപ്പിക്കാനും രാഹുൽ ഈ അവസരം വിനിയോഗിച്ചു. ചൗക്കിദാർ ചോർ ഹെ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേട്ടിട്ടില്ലെങ്കിലും അതിന്റെ പ്രതിധ്വനി അന്തരീക്ഷത്തിൽ തന്നെയുണ്ട് എന്ന് ഓർമിപ്പിക്കുകയായിരുന്നു രാഹുൽ.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പോരാട്ടമാണ് കോൺഗ്രസിന്റെ കർത്തവ്യം എന്ന് കൃത്യമായി ഓർമിപ്പിക്കുകയാണ് രാഹുൽ ഗാന്ധി. പ്രസ്താവനയിറക്കി ഒരു ദിവസത്തിന് ശേഷം ഇന്നലെ മുംബൈയിൽ കോടതിയിൽ ഹാജരാകാൻ വന്നപ്പോഴും ഈ പോരാട്ടത്തിൽ തന്റെ പങ്ക് എന്തായിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇപ്പോഴത്തേതിനേക്കാൾ പത്തിരട്ടി വീര്യത്തോടെ താൻ ആർ.എസ്.എസിനെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ഗൗരി ലങ്കേഷ് വധത്തിന് പിന്നിൽ ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രമാണ് എന്ന ആരോപണത്തെച്ചൊല്ലി സംഘുകാരനായ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് രാഹുൽ ഇന്നലെ കോടതിയിൽ ഹാജരായത്. എത്ര അർഥപൂർണമായ യാദൃഛികത. നേരത്തേയും ആർ.എസ്.എസിനെതിരായ പ്രസ്താവനയിൽ രാഹുലിന് കോടതി കയറേണ്ടി വന്നിരുന്നു. ഇനിയും കയറേണ്ടിവരുമെന്നുറപ്പ്. കാരണം അദ്ദേഹം തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ച പോലെ ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം ഇനിയൊരിക്കലും നിഷ്പക്ഷമല്ല.
ബി.ജെ.പിയും ആർ.എസ്.എസും മുന്നോട്ടുവെക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ആശയം ഇതിനകം നാട്ടിൽ വിതച്ചുകഴിഞ്ഞ അപകടത്തെ കൃത്യമായി ഓർമിപ്പിക്കുന്നുണ്ട് രാഹുൽ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായി വർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളുടെ സമകാലിക ദുര്യോഗത്തിലേക്ക് ധൈര്യപൂർവം വെളിച്ചം വീശുന്നുണ്ട് അദ്ദേഹം. ജുഡീഷ്യറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും സംഭവിച്ച അപചയങ്ങൾ സൂചിപ്പിച്ചുകൊണ്ട് രാഹുൽ പ്രവചിക്കുന്നത് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഇനിയൊരു ആചാരം മാത്രമായിരിക്കുമെന്നാണ്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ജനാധിപത്യ പ്രവർത്തനം എന്ന നിലയിൽ തെരഞ്ഞെടുപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി അദ്ദേഹം സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിച്ചിട്ടുണ്ട് എന്ന് പരോക്ഷമായി പറയുകയാണ് രാഹുൽ. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച പരാതിയും സംശയങ്ങളും അവിടവിടെയായി ഉയർന്നു കേൾക്കുന്നു എന്നല്ലാതെ മൂർത്തമായ ഒരു ആരോപണമായി അതിനിയും അന്തരീക്ഷത്തിലുയർന്നിട്ടില്ല. ഇതിൽ ബി.ജെ.പി ഏറെ ആഹ്ലാദ ചിത്തരാണുതാനും.
രാജ്യസഭയിൽ തന്നെ നിയമ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. എന്നാലും രാജ്യത്ത് ഒരു വിഭാഗം ജനങ്ങൾക്കിടയിൽ രൂഢമൂലമായിത്തന്നെ ആ വിശ്വാസം നിലനിൽക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന വിശ്വാസം. രാജ്യത്ത് നിലവിലിരുന്ന രാഷ്ട്രീയ കാലാവസ്ഥക്ക് തികച്ചും പ്രതികൂലമായ ഒരു ജനവിധി തീർച്ചയായും സംശയമുളവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് നീതിപൂർവകമായല്ല നടന്നത് എന്ന് രാഹുൽ പരോക്ഷമായെങ്കിലും പറയുന്നത് അതുകൊണ്ടാണ്.
ആർ.എസ്.എസിനെതിരായ ആശയപരമായ പോരാട്ടമാണ് കോൺഗ്രസ് നടത്തേണ്ടത് എന്നോർമിപ്പിക്കുന്നുണ്ട് രാഹുൽ. ഇത് സമകാലിക രാഷ്ട്രീയ നിലപാടുകൾ തിരുത്തിയെഴുതാനുള്ള ആഹ്വാനമായി കോൺഗ്രസ് കണക്കിലെടുക്കുമോ എന്ന് കണ്ടറിയണം. ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് അവർ എത്രമാത്രം അടുത്തുകഴിഞ്ഞു എന്ന് രാഹുൽ തിരിച്ചറിയുന്നുണ്ട്. അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് തനിക്ക് ശരിയായ ബോധ്യമുണ്ടെന്ന് രാഹുൽ തെളിയിക്കുന്നു. എന്നാൽ ഇതഃപര്യന്തമുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾ ഈ തേരോട്ടത്തെ പിടിച്ചുനിർത്താൻ പര്യാപ്തമല്ല. കോൺഗ്രസ് ഇപ്പോഴും ഗാന്ധി കുടുംബത്തിൽനിന്നൊരാൾ തലപ്പത്തില്ലെങ്കിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സഖ്യങ്ങളിൽ സംഭവിക്കാൻ പോകുന്ന ഉലച്ചിനെപ്പറ്റി മാത്രമാണ് ആലോചിക്കുന്നത്. തികച്ചും പ്രായോഗികമായ അധികാര രാഷ്ട്രീയം. എന്നാൽ അതിനപ്പുറത്തേക്ക് ആർ.എസ്.എസിന്റെ അപകടകരമായ ഹിംസാത്മക ദേശീയതയും വംശീയ ചിന്തകളും എത്തിച്ചേർന്നുകഴിഞ്ഞതായി രാഹുൽ കരുതുന്നു. അതിനാൽ കോൺഗ്രസും ഒരു പ്രത്യയശാസ്ത്ര യുദ്ധത്തിനാണ് ഒരുങ്ങേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്.
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം എന്താണ് എന്ന് ചോദിച്ചാൽ എത്ര കോൺഗ്രസുകാർ കൃത്യമായ ഉത്തരം നൽകുമെന്നത് ചിന്തനീയമാണ്. ഈ യാഥാർഥ്യം രാഹുലിനുമറിയാം. അതു തന്നെയാണ് പാർട്ടിയുടെ അധ്യക്ഷ പദത്തിൽനിന്ന് മാറിനിന്നുകൊണ്ട് വ്യത്യസ്തമായ ഒരു പോരാട്ടം നയിക്കാൻ താൻ തയാറാണ് എന്ന് അദ്ദേഹം പറയുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വവുമായി അതിനെ കൂട്ടിക്കെട്ടാൻ അദ്ദേഹം തയാറല്ല. അധികാരം കിട്ടിയവർ അതിൽ കടിച്ചുതൂങ്ങിക്കിടക്കും. അതുപേക്ഷിക്കാൻ അവർ തയാറല്ല. അധികാരം ഉപേക്ഷിക്കാൻ തയാറായാൽ മാത്രമേ ഈ പോരാട്ടം ശക്തിപ്പെടുത്താനാകൂ എന്നും രാഹുൽ നിരീക്ഷിക്കുന്നുണ്ട്. സാമ്പ്രദായിക കോൺഗ്രസ് ചിന്തകൾക്ക് അപ്പുറത്തേക്ക് കടക്കുകയാണ് രാഹുൽ.
ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന ലളിത ചിന്ത ഇനി അസാധ്യമാണെന്ന യാഥാർഥ്യമാണ് രാഹുൽ തുറന്നുപറയുന്നത്. കാരണം തെരഞ്ഞെടുപ്പുകൾ ഇനി സ്വതന്ത്രമോ നീതിപൂർവകമോ ആവില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പൂർണമായും ആർ.എസ്.എസ് വരുതിയിലാക്കിക്കഴിഞ്ഞുവെന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ശുഭാപ്തിയില്ലാത്ത രാഷ്ട്രീയക്കാരൻ എന്നദ്ദേഹത്തെ കുറ്റപ്പെടുത്താമെങ്കിലും അതല്ല ശരിയെന്നതാണ് വസ്തുത. ഈ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും കൈക്കൊണ്ട പല നിലപാടുകളും ജനാധിപത്യത്തിന് ഹിതകരമായതായിരുന്നില്ല. അധികാര സ്ഥാനങ്ങളോട് ചേർന്നു നിൽക്കുന്നതും പക്ഷപാതപരവുമായിരുന്നു എന്ന ആരോപണങ്ങൾ നേരത്തെ നിലനിൽക്കുന്നുണ്ട്. ഇതിന് അടിവരയിടുകയാണ് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് യുദ്ധത്തിൽ താൻ ഏകാകിയായ ഒരു പടയാളിയായിരുന്നുവെന്ന് രാഹുലിന് ബോധ്യപ്പെട്ടിട്ടുണ്ട്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ബി.ജെ.പിക്കു മുന്നിൽ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം പിടിച്ചുനിന്നത്. പ്രധാനമന്ത്രി മോഡിയുടെ അഴിമതിക്കെതിരെയും ആർ.എസ്.എസിന്റെ അപകടകരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെയും അതിശക്തമായും വിട്ടുവീഴ്ചയില്ലാതെയും തുറന്നടിച്ചുകൊണ്ടാണ് അദ്ദേഹം പിടിച്ചുനിന്നത്. പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന്റെ വിഭവ ദാരിദ്ര്യവും അദ്ദേഹത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ സമ്പത്തും ഒരു പാർട്ടിയുടെ കൈയിൽ മാത്രം വന്നു ചേരുന്ന സ്ഥലത്ത് നീതിപൂർവകമായ തെരഞ്ഞെടുപ്പുണ്ടാകില്ല എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് തന്റെ പ്രസ്താവനയിൽ രാഹുൽ ഗാന്ധി. വിഭവശേഷിയിലെ കുറവും ആസൂത്രണത്തിലെ പാളിച്ചകളും നേതൃനിരയുടെ ആത്മാർഥതക്കുറവും സംസ്ഥാനങ്ങൾ അടക്കി ഭരിക്കുന്ന മൂത്ത നേതാക്കളുടെ സ്വാർഥ താൽപര്യങ്ങളും എല്ലാം കൂടി രാഹുലിന്റെ പോരാട്ടത്തെ നിഷ്ഫലമാക്കിക്കളഞ്ഞു എന്ന സത്യമാണ് അദ്ദേഹം തുറന്നുപറയുന്നത്.
പാർട്ടിയിലെ തലമുറ മാറ്റം എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാതെയാണ് രാഹുൽ പടിയിറങ്ങുന്നത്. വീണ്ടും അധികാര ഭിക്ഷാംദേഹികളായ പടുകിഴവന്മാർ അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തിനുചുറ്റും കഴുകന്മാരെപ്പോലെ വട്ടമിടുന്നുണ്ട്. അതിനാൽ പുതിയ പോരാട്ടത്തിനുള്ള ഊർജ സംഭരണിയാകാൻ കോൺഗ്രസിന് കഴിയുമോ എന്ന് ന്യായമായും സംശയിക്കണം. രാഹുലല്ലെങ്കിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ, സർവസമ്മതനായ ഒരു രണ്ടാമൻ പോലുമില്ലാതെ ഉഴറുകയാണ് കോൺഗ്രസ്. അതിന് നവജീവൻ പകരാൻ രാഹുൽ ഗാന്ധി രാജിക്കത്തിന്റെ രൂപത്തിൽ മുന്നോട്ടുവെച്ച മാനിഫെസ്റ്റോക്ക് കഴിയുമോ എന്നാണ് കണ്ടറിയാനുള്ളത്. വാസ്തവത്തിൽ ഈ രാജിക്കത്ത്, പുതിയ കാലത്തെ കോൺഗ്രസിനുള്ള മാനിഫെസ്‌റ്റോ തന്നെയാണ്. അത് തിരിച്ചറിയാൻ കോൺഗ്രസിന് കഴിഞ്ഞാൽ മാത്രം മതി.