തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോഡി സർക്കാർ വളരെയേറെ കൊട്ടിഘോഷിച്ചാണ് ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. കർഷകർക്ക് ആറായിരം രൂപ നൽകുന്നതു പോലുള്ള പദ്ധതികളും ഇതിന്റെ തുടർച്ചയായി പ്രഖ്യാപിക്കുകയുണ്ടായി. അടുത്ത വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ തുടക്കം കുറിച്ചതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു.
ഒബാമ കെയർ എന്ന പേരിൽ അമേരിക്കയിലുണ്ടായിരുന്നതിന് സമാനമാണെന്നൊക്കെ പറഞ്ഞ് ബിജെപിക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിയെ മോഡി കെയർ എന്ന പേരിട്ടു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ വിഹിതമില്ലാതിരുന്നിട്ടു കൂടി പെട്ടെന്നു തന്നെ പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിനും ശ്രദ്ധിച്ചു. രാജ്യത്തെ പത്തു കോടിയോളം കുടുംബങ്ങൾക്ക് ഗുണപ്രദമാകുന്ന വിധത്തിൽ സമഗ്രവും വിപുലവുമായ ചികിത്സാ പദ്ധതിയെന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്.
പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോഗ്യ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും നിരവധി ആശങ്കകൾ ഉന്നയിച്ചിരുന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളെ ഇത് അട്ടിമറിക്കുമെന്നും ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഈ മേഖലയിലെ കുത്തകകൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്നുമുള്ള ആശങ്കകളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. പരിമിതമായ തോതിലാണെങ്കിലും നിലവിലുള്ള കേന്ദ്ര ആരോഗ്യ പദ്ധതി (സി.ജി.എച്ച്.എസ്) യെ പോലും ഇത് താറുമാറാക്കുമെന്ന ആക്ഷേപവും ഉയർന്നിരുന്നതാണ്. ഇവയെല്ലാം അവഗണിച്ചുകൊണ്ട് പദ്ധതി ഉടൻ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ തുനിഞ്ഞത്. നിലവിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന പലരും പുറത്താകുമെന്നതിനാൽ ചില സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേരേണ്ടതില്ലെന്നു പോലും തീരുമാനിച്ചിരുന്നു. അൽപം വൈകിയാണെങ്കിലും കേരളം കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പദ്ധതിയുടെ ഭാഗമാവുകയുണ്ടായി. എന്നാൽ കേരളം ചേർന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദമാവുകയും ചെയ്തിരുന്നു.
ആശങ്കകളെല്ലാം വാസ്തവമാണെന്നാണ് പദ്ധതി ആരംഭിച്ച് പത്തു മാസം പൂർത്തിയാകുമ്പോൾ വ്യക്തമാകുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ മഹാഭൂരിപക്ഷവും പദ്ധതിയുടെ ഭാഗമായി ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇതുവരെ സന്നദ്ധമായിട്ടില്ല. ചേർന്നവയാകട്ടെ പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രമുള്ള ചെറുകിട ആശുപത്രികളും. പത്തു മാസമായിട്ടും നാലു കോടിയോളം കുടുംബങ്ങളെ മാത്രമാണ് പദ്ധതിയുടെ ഭാഗമായി ചേർത്തിട്ടുള്ളത്. പദ്ധതി നടപ്പിലാക്കിയ പല സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ പദ്ധതികളിൽ ഉൾപ്പെട്ടിരുന്ന പലരും ഇപ്പോൾ ചികിത്സാ നുകൂല്യങ്ങൾ ലഭിക്കാത്തവരാണെന്നാണ് ഇതിന്റെ അർഥം.
കേരളത്തിൽ തന്നെ കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരമാണെങ്കിൽ 18,58,098 കുടുംബങ്ങൾക്ക് മാത്രമേ ഇതിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ. അതേസമയം സംസ്ഥാനത്ത് നിലവിൽ വിവിധ ആരോഗ്യ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം 40 ലക്ഷത്തിലധികമായിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിക്കൊപ്പം സംസ്ഥാന പദ്ധതികളും തുടരുക പ്രയാസകരമായിരുന്നു. അതിനാൽ സംസ്ഥാന പദ്ധതിയായ ആർഎസ്ബിവൈ ഗുണഭോക്താക്കൾക്കു കൂടി ആനുകൂല്യം ലഭ്യമാക്കണമെന്ന് നിരന്തരം സമ്മർദം ചെലുത്തിയതിനാൽ ഇവരെ കൂടി ഉൾപ്പെടുത്തി. അങ്ങനെ 21.57 ലക്ഷം കുടുംബങ്ങളെ പദ്ധതിയിൽ ഉൾക്കൊള്ളിച്ചു. എങ്കിലും സംസ്ഥാനത്തെ വിവിധ ആരോഗ്യ പദ്ധതികളിൽ ഉൾപ്പെട്ടവർ പുറത്താകുമെന്ന് വന്നതിനാൽ നിലവിലുള്ള 40.96 ലക്ഷം പേരെയും ഉൾക്കൊള്ളിച്ചുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടി വന്നിരിക്കുകയാണ്.
ആയുഷ്മാൻ പദ്ധതി പ്രകാരം ഒരു കുടുംബത്തിനുള്ള കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. അതനുസരിച്ച് 21.57 ലക്ഷം കുടുംബങ്ങൾക്ക് മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുമുള്ളൂ. കൂടുതലായി വരുന്ന 19.39 ലക്ഷം കുടുംബങ്ങളുടെ വിഹിതം പൂർണമായും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരികയാണ്. ഫലത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ട് സംസ്ഥാന സർക്കാരിന് സാമ്പത്തിക നേട്ടമൊന്നുമില്ലാത്ത സ്ഥിതിയാണ്. മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമല്ല.
ആനുകൂല്യങ്ങളാകട്ടെ പലതും ഒഴിവാക്കപ്പെട്ടു. കുറഞ്ഞ ചികിത്സാ നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളതും. നിലവിലുണ്ടായിരുന്ന പദ്ധതിയനുസരിച്ച് 40,000 രൂപ അനുവദിക്കുന്ന ചികിത്സയ്ക്ക് ആയുഷ്മാൻ ഭാരതിൽ കേവലം 20,000 രൂപയാണ് അനുവദിക്കുന്നത്.
നേരത്തേയുണ്ടായിരുന്ന പല പദ്ധതികളും ചികിത്സ തുടങ്ങുന്നതു മുതലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവയായിരുന്നുവെങ്കിൽ ആയുഷ്മാൻ ഭാരതിലെത്തിയതോടെ കിടത്തിയുള്ള ചികിത്സയ്ക്കു മാത്രമായി ആനുകൂല്യം പരിമിതപ്പെട്ടിരിക്കുകയാണ്. വൻ ചെലവ് വരുന്ന തുടർചികിത്സ ആവശ്യമുള്ള പല രോഗികൾക്കും പ്രസ്തുത ആനുകൂല്യവും ലഭിക്കില്ല. ഫലത്തിൽ കൊട്ടിഘോഷിച്ച ഒരു നേട്ടവും ആയുഷ്മാൻ ഭാരത് പദ്ധതി നൽകില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് അർഹരായ മുഴുവൻ പേർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന വിധം പദ്ധതി പുനരാവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്.