കാസർകോട് - കേന്ദ്ര സർവകലാശാലയിൽ എം.എ ഇന്റർനാഷണൽ റിലേഷൻ ആൻഡ് പൊളിറ്റിക്‌സിൽ അവർ നാല് പേരും നേടിയത് ഉന്നത വിജയം. വിജയം നേടിയവരിൽ രണ്ടു പേർ ഇരട്ടകളാണ്. ഇതിൽ ഒരാൾക്ക് രണ്ടാം റാങ്കും ലഭിച്ചു. ഒരേ നാട്ടുകാരാണ് എല്ലാവരും. ബേഡകം കൊളത്തൂർ ബറോട്ടി സ്വദേശിയും കുണ്ടംകുഴിയിലെ പ്രിൻസ് ടെക്‌സ്‌റ്റൈൽസ് ഉടമയുമായ കുഞ്ഞിക്കണ്ണൻ, എൽ.ഐ.സി ഏജന്റ് ഷീബ ദമ്പതികളുടെ മകളായ അനഘയ്ക്കാണ് രണ്ടാം റാങ്ക് ലഭിച്ചത്. അനഘയുടെ ഇരട്ടസഹോദരിയായ അനുഷയ്ക്കും മികച്ച വിജയമാണ് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ പി.ജി വരെ നാലു പേരും ഒരേ ക്ലാസിലിരുന്നാണ് പഠിച്ചത്. ദുബായിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഉദുമ പടിഞ്ഞാർ തെരുവിലെ ഗോകുലത്തിൽ ബിനീഷിന്റെ ഭാര്യയാണ് അനഘ. 83 ശതമാനം മാർക്ക് നേടിയാണ് അനഘ രണ്ടാം റാങ്കിന് അർഹയായത്. സഹോദരി അനുഷയ്ക്ക് 75 ശതമാനം മാർക്ക് ലഭിച്ചു. ഉറ്റ സഹൃത്തുക്കളായ കൊളത്തൂരിലെ ദിവ്യയ്ക്ക് 75 ശതമാനം മാർക്കും, ശുഭശ്രീക്ക് 65 ശതമാനം മാർക്കും ലഭിച്ചു.
അധ്യാപികയാകാനാണ് തനിക്ക് താത്പര്യമെന്ന് റാങ്ക് ജേതാവായ അനഘ പറഞ്ഞു. നാലു പേരും ഇനി വ്യത്യസ്ത മേഖലയിലേക്ക് തിരിയുമെങ്കിലും നാലു പേരും കാഞ്ഞങ്ങാട്ട് പി.എസ്.സി കോച്ചിംഗിൽ ഇപ്പോഴും ഒരുമിക്കുന്നുണ്ട്. ഷാർജയിൽ എ.സി കമ്പനിയിൽ ജോലി ചെയ്യുന്ന നീലേശ്വരത്തെ രാഹുലാണ് ദിവ്യയുടെ ഭർത്താവ്. ശുഭശ്രീയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്.