Sorry, you need to enable JavaScript to visit this website.

ഭീതി പരത്തി വീണ്ടും വൈറസ്; വടക്കാഞ്ചേരിയിൽ ഡിസ്റ്റംബർ രോഗമെന്ന് റിപ്പോർട്ട്

വൈറസ് ബാധിച്ച മരപ്പട്ടി ചത്ത നിലയിൽ.

തൃശൂർ- വടക്കാഞ്ചേരി തെക്കുംകരയിൽ രോഗം ബാധിച്ച് മരപ്പട്ടികൾ ചത്തുവീഴുന്നു. മൂന്നു ദിവസത്തിനുള്ളിൽ അഞ്ചിലധികം മരപ്പട്ടികൾ ചത്തിട്ടുണ്ട്. ഒരെണ്ണത്തിനെ അവശ നിലയിലും കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ വൈറസ് ബാധ മൂലമുള്ള ഡിസ്റ്റംബർ എന്ന അസുഖമാണ് മരപ്പട്ടികൾ ചത്തതെന്നാണ് അധികൃതർ കരുതുന്നത്. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത ഗൂഡല്ലൂർ മനയിലാണ് മരപ്പട്ടികൾ ചത്തു വീഴുന്നത്. രണ്ടു ദിവസം മുൻപ് മരപ്പട്ടികൾ ചത്തു വീണപ്പോൾ അവയെ മറവു ചെയ്തിരുന്നതായി പറയുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും മരപ്പട്ടികൾ ചത്തു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ  അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വടക്കാഞ്ചേരിയിലെത്തി ചത്ത മരപ്പട്ടികളെയും അവശ നിലയിലായ മരപ്പട്ടിയേയും പരിശോധിച്ചു. വിവരമറിഞ്ഞ് ഡി.എഫ്.ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വടക്കാഞ്ചേരിയെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി വകുപ്പ് അധികൃതരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമെല്ലാം സ്ഥലത്തെത്തി. 
ചത്ത മരപ്പട്ടികളുടെ ശരീരാവശിഷ്ടങ്ങളും മറ്റു സാമ്പിളുകളും പാലക്കാടുള്ള റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മരപ്പട്ടികൾക്ക് ഡിസ്റ്റംബർ എന്ന രോഗമാണെന്ന പ്രാഥമിക വിവരം ലഭിച്ചത്. കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്. ഡിസ്റ്റംബർ മരപ്പട്ടി പോലുള്ള മൃഗങ്ങളിൽ കാണുന്ന അസുഖമാണെന്നും ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ലെന്നും അതുകൊണ്ടു തന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഡി.എം.ഒ പറഞ്ഞു.
മരപ്പട്ടിയുടെ ഇനത്തിൽ പെട്ട മൃഗങ്ങൾക്ക് രോഗം പടരാനും അവ ചാവാനും സാധ്യതകളേറെയാണ്. കന്നുകാലികളിലേക്കോ കോഴികളിലേക്കോ പടരാറില്ലത്രെ. എങ്കിലും വൈറസ് ബാധ ഏറെക്കുറെ സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്‌സിനേഷനുകൾ മുടങ്ങരുതെന്ന് അധികൃതർ പറഞ്ഞു.
മരപ്പട്ടികൾക്ക് പേവിഷബാധയേറ്റതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ നിപ്പ വൈറസ് ബാധ മൂലമാണോ എന്ന ആശങ്ക പെട്ടെന്ന് പരക്കുകയും ആളുകൾ പരിഭ്രാന്തരാവുകയും ചെയ്തു. ജനങ്ങൾ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
സാധാരണയായി നായ്ക്കളിലാണ് ഡിസ്റ്റംബർ രോഗം കണ്ടു വരാറുള്ളത്. കാലാവസ്ഥ മാറുമ്പോഴാണ് ഈ രോഗം വരാറുള്ളത്. വാക്‌സിനേഷൻ എടുത്തിട്ടുള്ളവയിൽ ഇത് വരാറില്ല. നായ്ക്കൾക്ക് പുറമെ മറ്റു മൃഗങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതുവരെയും ശ്രദ്ധയിൽ പെട്ടിട്ടില്ല. ഡിസ്റ്റംബർ രോഗത്തിന് പ്രത്യേകമായി വാക്‌സിനേഷനില്ല. 
വളർത്തു മൃഗങ്ങൾക്കെടുക്കുന്ന ജനറൽ വാക്‌സിനേഷനിൽ ഈ രോഗത്തെ പ്രതിരോധിക്കാനുള്ളതു കൂടി അടങ്ങിയിട്ടുണ്ട്. വായുവിലൂടെ പടരുന്ന അസുഖമാണെങ്കിലും മനുഷ്യരിലേക്കോ കന്നുകാലികളടക്കമുള്ളവയിലേക്കോ ഇത് പടരില്ല. മരപ്പട്ടികൾ കൂട്ടമായി കഴിയുന്നവയായതിനാൽ കൂടുതൽ മരപ്പട്ടികൾക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. അതിനാൽ ഒരുപക്ഷേ കൂടുതൽ മരപ്പട്ടികൾക്ക് മരണമുണ്ടാകാനും സാധ്യതയുണ്ട്. ആളുകൾ ഒട്ടും പേടിക്കേണ്ടതില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പ്രദീപ് പറഞ്ഞു.

 

 

Latest News