കോട്ടയം- ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 21 കാരനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് പിടികൂടി. വീട്ടില്‍നിന്നു സ്‌കൂളിലേക്ക് പോകാന്‍ യൂനിഫോം ധരിച്ചിറങ്ങിയ ആയാംകുടി സ്വദേശിയായ പെണ്‍കുട്ടി കാലടി സ്വദേശിയായ യുവാവിനെ വിളിച്ചു വരുത്തി ബൈക്കില്‍ കയറി പോവുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം.
പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപിക പിതാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് പിതാവിന്റെ ഫോണില്‍നിന്നു പെണ്‍കുട്ടി വിളിച്ച യുവാവിന്റെ നമ്പറുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസുകാര്‍ ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഇരുവരും വൈക്കത്ത് എത്തിയിരുന്നു. കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയ ഇരുവരെയും പോലീസ് താക്കീത് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം പറഞ്ഞയച്ചു.