Sorry, you need to enable JavaScript to visit this website.

പാസ്‌പോര്‍ട്ടില്‍ കൃത്രിമം; മലേഷ്യയില്‍ ശിക്ഷ കഴിഞ്ഞെത്തിയ മൂന്നു പേര്‍ പിടിയില്‍

കൊച്ചി- പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ മൂന്ന് ഉത്തരേന്ത്യക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ജയ്പൂര്‍ സ്വദേശികളായ സിംഗ് ഓംങ്കാര്‍ (23), ബബ്ലു പ്രസാദ് (31), പുഷ് വാഗേ രാഗേഷ് (27) എന്നിവരാണ് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സന്ദര്‍ശക വിസയില്‍ മലേഷ്യയിലേക്ക് പോയ പ്രതികള്‍ കാലാവധി കഴിഞ്ഞിട്ടും മടങ്ങി വരാതെ അവിടെ ജോലിയെടുക്കുകയായിരുന്നു. പരിശോധനകള്‍ കര്‍ശനമായപ്പോള്‍ അവിടത്തെ സ്വകാര്യ ട്രാവല്‍ ഏജന്റുമായി ബന്ധപ്പെട്ടാണ് പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയത്. കാലാവധി തീരും മുമ്പേ ഇന്ത്യയിലേക്ക് മടങ്ങിയതിന്റെയും പിന്നീട് തിരികെ സന്ദര്‍ശക വിസയില്‍ വീണ്ടും മലേഷ്യയിലേക്ക് മടങ്ങി വന്നതായും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയായിരുന്നു. ഇതിനായി വ്യാജ സീല്‍ പതിപ്പിച്ചു. മലേഷ്യയിലെ പരിശോധനയില്‍ പിടിയിലായ മൂവരെയും ജയില്‍ ശിക്ഷക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍നിന്നു ഏറ്റവും കുറവ് ടിക്കറ്റ് നിരക്കുള്ള ഇന്ത്യന്‍ വിമാനത്താവളം എന്ന നിലയിലാണ് ഇവരെ നെടുമ്പാശേരിയിലേക്ക് കയറ്റി വിട്ടത്. എമിഗ്രേഷന്‍ വിഭാഗം പിടികൂടിയ പ്രതികളെ നെടുമ്പാശേരി പോലിസിനു കൈമാറി. തുടര്‍ന്ന് ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി.

 

Latest News