അബുദാബി- എമിറേറ്റി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍നിന്ന് ഇന്ധനം മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ട് ഏഷ്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍. ഇവരെ കോടതിയില്‍ ഹാജരാക്കി. ഒരു ലക്ഷം ദിര്‍ഹം വില വരുന്ന ഇന്ധനമാണ് ഇവര്‍ മോഷ്ടിച്ചത്. സ്വന്തം ഉപയോഗത്തിന് ഇതെടുത്തുവെന്നാണ് ഇവരുടെ മൊഴി.
പ്രതികളോടിച്ച ഒരു ബസില്‍ ഇന്ധനമില്ലെന്ന് കണ്ട് മറ്റൊരു ഡ്രൈവര്‍ പെട്രോള്‍ സ്റ്റേഷനില്‍ ചെന്നതോടെയാണ് കള്ളക്കളി പുറത്തായത്. ഈ ബസിന്റെ പെട്രോള്‍ കാര്‍ഡുപയോഗിച്ച് മുഴുവന്‍ പെട്രോളും അടിച്ചു കഴിഞ്ഞതായി തെളിഞ്ഞു. എന്നാല്‍ ബസില്‍ പെട്രോള്‍ എത്തിയിട്ടുമില്ല. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.
തുടര്‍ന്ന് കാര്‍ഡ് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.