അബുദാബി- സ്വപ്ന തുല്യമായ സമ്മാനം ലഭിച്ച മലയാളി ഭാഗ്യവതി, അമിതാഹ്ലാദങ്ങളൊന്നുമില്ലാതെ അടുത്ത ദിവസവും ഓഫീസില്‍ ഹാജര്‍. അവിടെ തകൃതിയായ ജോലിയും. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (ഏകദേശം 22 കോടി രൂപ) സമ്മാനം ലഭിച്ച സ്വപ്ന നായര്‍ കൊല്ലം സ്വദേശിയാണ്.
അബുദാബിയിലെ ഒരു എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ചുവയസ്സുള്ള മകളുടെ അമ്മയായ സ്വപ്ന. ജോലിസംബന്ധമായി തിരക്കുള്ള ആഴ്ചയായിരുന്നു സ്വപ്നക്കിത്. വാരാന്ത്യ അസൈന്‍മെന്റ് പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ തന്നെ ഓഫീസിലെത്തി പതിവുപോലെ ജോലിയില്‍ മുഴുകി. ആശംസകളറിയിച്ച സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
കമ്പനിയില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കി സ്വപ്ന. അതിനാല്‍ തന്നെ സീനിയര്‍ സ്റ്റാഫെന്ന നിലയില്‍ ധാരാളം ജോലിയുണ്ട്. സമ്മാനമടിച്ച വാര്‍ത്ത ആഘോഷിക്കാന്‍ സമയം കിട്ടിയില്ല. തന്നെ വളരെയധികം സഹായിച്ച കമ്പനിയാണ്. അവരോട് താന്‍ ഏറെ കടപ്പെട്ടിരിക്കുന്നു- സ്വപ്ന പറഞ്ഞു.
നൂറുകണക്കിന് വിളികളും സന്ദേശങ്ങളുമാണ് ഇന്നലെ സ്വപ്നയെ തേടിയെത്തിയത്. എല്ലാവരോടും സംസാരിക്കാന്‍ തിരക്കുമൂലം കഴിഞ്ഞില്ല.
2010 ഡിസംബര്‍ മുതല്‍ സ്വപ്ന അബുദാബിയിലുണ്ട്. ഭര്‍ത്താവ് തിരുവനന്തപുരത്തുകാരന്‍. അതിനാല്‍ തന്നെ തലസ്ഥാനത്താണ് താമസിക്കുന്നത്. സ്വപ്ന ബിഗ്ടിക്കറ്റ് വാങ്ങിയെന്ന വിവരം പോലും ഇന്നലെ സമ്മാനമടിച്ചപ്പോഴാണ് ഭര്‍ത്താവ് അറിഞ്ഞത്.
സ്ഥിരമായി ടിക്കറ്റെടുക്കാറില്ല. മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ടിക്കറ്റെടുത്തത്. സത്യം പറയുകയാണെങ്കില്‍ സമ്മാനമടിച്ചതിന്റെ നടുക്കം മാറിയിട്ടില്ല- സ്വപ്ന പറഞ്ഞു. തന്റേയും ഭര്‍ത്താവിന്റേയും കുടുംബങ്ങള്‍ക്ക് ഈ സമ്മാനത്തുക പ്രയോജനപ്പെടുത്തണമെന്നാണ് സ്വപ്ന കരുതുന്നത്. അഗതികളായ സ്ത്രീകള്‍ക്കായി ഒരു തുക മാറ്റിവെക്കാനും അവര്‍ ആഗ്രഹിക്കുന്നു. ചെറിയ ചെറിയ ജീവകാരുണ്യ സഹായങ്ങള്‍ ഞാന്‍ ചെയ്യാറുണ്ടായിരുന്നു. അത് അല്‍പം കൂടി വിപുലപ്പെടുത്താന്‍ സമ്മാനത്തുക എന്നെ സഹായിക്കും- സ്വപ്ന പറഞ്ഞു.