ജിദ്ദ - ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവ് 77 വർഷം മുമ്പ് സമ്മാനിച്ച ഒരു റിയാൽ നാണയം അമൂല്യ നിധിയായി സൂക്ഷിക്കുകയാണ് സൗദി പൗരൻ ഹുമൈദ് ആബിദ് അൽസഖഫി. ഹിജ്‌റ വർഷം 1363 ലാണ് അബ്ദുൽ അസീസ് രാജാവിൽ നിന്ന് ഇപ്പോൾ 83 വയസ്സ് പ്രായമുള്ള ഹുമൈദ് ആബിദ് അൽസഖഫിക്ക് ഒരു റിയാൽ നാണയം സമ്മാനമായി ലഭിച്ചത്. അന്ന് ഹുമൈദ് അൽസഖഫിക്ക് അഞ്ചു വയസ്സാണ് പ്രായം.
1363 ൽ മക്കയിൽ പിതാവിനൊപ്പം അബ്ദുൽ അസീസ് രാജാവിനെ അൽബീബാൻ ഏരിയയിൽ കാത്തിരിക്കുന്നതിനിടെയാണ് തനിക്ക് ഈ നാണയം ലഭിച്ചതെന്ന് ഹുമൈദ് ആബിദ് അൽസഖഫി പറഞ്ഞു. രാജാവിന്റെ ആഗമന വിവരം അറിഞ്ഞ് രാജാവ് മക്കയിൽ എത്തുന്നതും കാത്ത് സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കമുള്ള വലിയ ജനസഞ്ചയം അൽബീബാൻ ഏരിയയിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ സ്ഥലത്തെത്തിയ അബ്ദുൽ അസീസ് രാജാവ് എല്ലാവർക്കും റിയാൽ നാണയങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി.
രാജാവിനു സമീപം എത്തിയ തനിക്കും അബ്ദുൽ അസീസ് രാജാവിന്റെ കൈയിൽ നിന്ന് പണം കിട്ടി. തനിക്ക് ആകെ 24 റിയാലാണ് ലഭിച്ചത്. അക്കാലത്ത് അത് വലിയ സംഖ്യയായിരുന്നു. ഇതിൽ ഒരു റിയാൽ ഒഴികെയുള്ളതെല്ലാം താൻ ചെലവഴിച്ചു. ഒരു റിയാൽ നാണയം മാത്രം താൻ ചെലവഴിക്കാതെ അമൂല്യ നിധിയെന്നോണം ഇത്രയും കാലം സൂക്ഷിക്കുകയായിരുന്നെന്നും ഹുമൈദ് ആബിദ് അൽസഖഫി പറഞ്ഞു.