തായിഫ് - ദലമിൽ ബാങ്ക് ശാഖ കൊള്ളയടിക്കുന്നതിന് ശ്രമിച്ച രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു. ദലമിലെ ബാങ്ക് ശാഖ കൊള്ളയടിക്കുന്നതിന് ശ്രമം നടന്നതായി ജൂൺ 29 ന് ആണ് പോലീസിൽ വിവരം ലഭിച്ചത്. ബാങ്കിന്റെ വാതിൽ തകർത്ത് അകത്തു കടന്ന പ്രതികൾക്ക് പ്രധാന കവാടം തകർക്കുന്നതിനും പണം കൈക്കലാക്കുന്നതിനും സാധിച്ചിരുന്നില്ല. ബാങ്ക് അധികൃതർ പരാതി നൽകിയതിനെ തുടർന്ന് വിരലടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാൽപതു വയസ്സു പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാറിൽ സഞ്ചരിച്ചാണ് പ്രതികൾ ബാങ്ക് കൊള്ളയടിക്കുന്നതിന് ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു.