ഒരു ആഹ്ലാദ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. സമീപ കാല ചരിത്രത്തിൽ ഇതാദ്യമായി കേരളം ഹർത്താലില്ലാത്ത മൂന്ന് മാസങ്ങൾ പൂർത്തിയാക്കി. പത്ര, ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിവാദങ്ങളിൽ പലതും ഒന്നിലേറെ ഹർത്താലുകൾ നടത്താൻ പര്യാപ്തമായവയായിരുന്നുവെന്നത് വേറെ കാര്യം. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, കസ്റ്റഡി മരണം എന്നിങ്ങനെ പലതും. മലയാളികൾ ശീലിച്ചു വന്ന ഒരു ആചാരമാണ് പതുക്കെ പിൻവാങ്ങുന്നതെന്ന് വേണം കരുതാൻ.
ബന്ദ് നിരോധിച്ച കേരളത്തിൽ ഹർത്താൽ, പൊതു പണിമുടക്ക് എന്നീ പേരുകളിൽ പ്രാകൃതമായ ഈ ആഘോഷം നടത്തുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് യാതൊരു സങ്കോചവുമില്ലായിരുന്നു. തലേ ദിവസം രാത്രി യഥേഷ്ടം ചിക്കനും മറ്റും വാങ്ങി വെച്ച് പുതിയ പടങ്ങളുടെ സി.ഡിയുമായാൽ പിന്നെ ഒന്നിനെ കുറിച്ചുമോർത്ത് വേവലാതിപ്പെടേണ്ടതുമില്ല.
കേരളത്തിലല്ലാതെ ലോകത്തൊരിടത്തും ഇങ്ങനെ ഒരാഘോഷം ഇത്രയേറെ ആവർത്തിക്കപ്പെടുന്നില്ല. കേരളത്തിൽ സ്വാധീനമുള്ള ചില രാഷ്ട്രീയ പാർട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ഭാരത ബന്ദ് നടത്താറുണ്ട്. ആ ദിവസങ്ങളിലും ടെലിവിഷനിൽ നോക്കിയാൽ ചെന്നൈയിലും ബംഗളൂരുവിലും ജീവിതം സാധാരണ നിലയിലായിരുന്നുവെന്ന് കാണാം.
മുടങ്ങാത്ത അക്രമങ്ങളുടെ നാടെന്ന ചീത്തപ്പേരാണ് ഇതുമൂലം കേരളത്തിനു ലഭിക്കുന്നത്. കേരളീയരായ പ്രവാസികൾ സംസ്ഥാനത്ത് നിക്ഷേപമിറക്കാൻ തയാറാവാത്തതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല.
ബന്ദും ഹർത്താലും തമ്മിൽ എന്താണൊരു വ്യത്യാസം? അനുഭവസ്ഥരെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോലെ. വാഹനങ്ങൾ നിറത്തിലിറക്കാൻ പാടില്ല. ആശുപത്രി, പാൽ, പത്രം എന്നിവയൊഴികെ എല്ലാവർക്കും ഹർത്താലോ, പൊതു പണിമുടക്കോ ബാധകമായിരിക്കുമെന്ന് ആഹ്വാനം പുറപ്പെടുവിക്കുന്ന തമ്പുരാക്കന്മാർ ആദ്യമേ മുന്നറിയിപ്പ് നൽകും. എതിർകക്ഷിയുടെ നയവുമായി താദാത്മ്യപ്പെടുന്ന പത്രങ്ങളുെണ്ടങ്കിൽ അവയുടെ ഓഫീസുകൾക്ക് നേരെയായിരിക്കും ആദ്യ കല്ലേറ്. വാർത്ത ശേഖരിക്കാനിറങ്ങുന്ന റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഗതികേട് പറയാനില്ല.
സംസ്ഥാനമാകെ നിശ്ചലമായില്ലെങ്കിൽ പിന്നെന്ത് ഹർത്താൽ എന്നതായിരിക്കും ആഹ്വാനം പുറപ്പെടുവിക്കുന്നവരുടെ കാഴ്ചപ്പാട്. നിരപരാധികൾ കൊല്ലപ്പെടുകയും പൊതു സ്വകാര്യ മുതലുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്താൽ ബഹുസന്തോഷമായി.
പിന്നീട് ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ തങ്ങളുടെ പ്രക്ഷോഭത്തിൽ കടന്നു കൂടിയ സാമൂഹിക ദ്രോഹികളാണ് അന്തരീക്ഷം വഷളാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതുമെന്ന് പ്രസ്താവനയിറക്കും. ഏറിയാൽ തികഞ്ഞ ലാഘവത്തോടെ ഖേദപ്രകടനവുമുണ്ടായിരിക്കും.
2018 ൽ 97 ഹർത്താലുകളാണ് മലയാള നാട് അനുഭവിച്ചത്. ശബരിമല വിഷയത്തിൽ അര ഡസൻ ഹർത്താലുകൾ നടത്തിയ പാർട്ടി വേണമെങ്കിൽ സെഞ്ചുറി അടിക്കാനും തയാറായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഹർത്താൽ വിരുദ്ധ വികാരം അലയടിക്കുന്നത് മനസ്സിലാക്കിയാണ് അതിന് നിൽക്കാതിരുന്നത്. അത് മാത്രവുമല്ല കാര്യം. ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടം ഈടാക്കുമെന്നതും സ്വാധീനിച്ചിരിക്കാം. അത് കഴിഞ്ഞ് പുതുവർഷം പിറന്നപ്പോൾ ആദ്യ ദിനം വനിതാ മതിൽ, രണ്ടാമത്തെ ദിവസം ശബരിമലയിൽ യുവതി പ്രവേശം. അത് കഴിഞ്ഞപ്പോഴതാ വരുന്നു വീണ്ടും ഹർത്താൽ. ജനുവരി മൂന്നിന് കേരളത്തിൽ ഹർത്താലിന്റെ മറവിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിലും അക്രമികൾ അഴിഞ്ഞാടുകയായിരുന്നു.
കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് വൻകിട വ്യവസായ സംരംഭങ്ങൾക്ക് സാധ്യത കുറവാണ്. നമുക്ക് പ്രതീക്ഷയുള്ള ഒരു മേഖലയാണ് ടൂറിസം വ്യവസായം. ആവർത്തിക്കപ്പെടുന്ന ഹർത്താലുകൾ ടൂറിസ്റ്റുകളെ കേരളത്തിൽ നിന്ന് അകറ്റിയെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിസന്ധി നേരിട്ടു വരുന്ന വിനോദ സഞ്ചാര മേഖലയെ തകർക്കുന്നതാണ് ഇത്തരം സാഹചര്യം.
കഴിഞ്ഞ വർഷം മധ്യത്തിൽ നിപ്പ വൈറസ് ബാധയാണ് കേരളത്തിന്റെ ടൂറിസത്തിന് വിനയായത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മേഖലയിൽ തുടക്കം കുറിച്ച നിപ്പയുടെ ഭീതിയിലാണ് ജൂലൈ മാസം പിന്നിട്ടത്. അടുത്ത മാസമാണ് നൂറ്റാണ്ടിലെ മഹാ പ്രളയം കേരളത്തെ വിഴുങ്ങാനെത്തിയത്. ടൂറിസ്റ്റുകൾ സന്ദർശിക്കാൻ താൽപര്യപ്പെടുന്ന കൊച്ചിയും ആലപ്പുഴയും മൂന്നാറും തൃശൂരും നിശ്ചലമായി. മഴ തകർത്തു പെയ്തപ്പോൾ കേരളത്തിന്റെ ടൂറിസം മേഖല നിശ്ചലമായി. അത് കഴിഞ്ഞ് വീണ്ടും സജീവമാകാനിരിക്കേയാണ് ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ആവർത്തിക്കപ്പെട്ടത്. അക്രമാസക്തമായ പ്രതിഷേധങ്ങളും ആവർത്തിക്കപ്പെടുന്ന ഹർത്താലുകളും എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ വിനോദ സഞ്ചാരത്തിനായി എത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും അമേരിക്കയും നിർദേശിച്ചത്.
തിരക്കുകളിൽ നിന്ന് അവധിയെടുത്ത് സമാധാനത്തോടെ കുറച്ച് ദിവസങ്ങൾ ചെലവഴിക്കാനാണ് സഞ്ചാരികൾ കേരളത്തിൽ എത്തുന്നത്. വിദേശ ടൂറിസ്റ്റുകൾ നേരിടുന്ന അവസ്ഥയ്ക്ക് സമാനമാണ് ചെറിയ അവധിക്ക് പ്രധാന കാര്യങ്ങൾ നിറവേറ്റാൻ കേരളത്തിലെത്തുന്ന പ്രവാസികളുടെ കാര്യവും. രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ആചാരം അരങ്ങേറിയപ്പോൾ കൊച്ചി വിമാനത്താവളത്തിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ കുടുങ്ങി. ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ ഈ ദിവസങ്ങളിൽ നിശ്ചലമായിരുന്നു. ഒരൊറ്റ ടൂറിസ്റ്റും കിഴക്കിന്റെ വെനീസിലെത്തിയില്ല. മക്കളുടെ അഡ്മിഷൻ, ബന്ധുക്കളുടെ ചടങ്ങുകൾ, വാഹന-സ്വത്ത് രജിസ്‌ട്രേഷൻ എന്നീ ഉദ്ദേശ്യങ്ങളോടെ രണ്ടാഴ്ചത്തെ അവധിക്കെത്തിയ പ്രവാസി നാലും അഞ്ചും ദിവസം വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം ആരാണ് ഇഷ്ടപ്പെടുക?
കേരള ഹൈക്കോടതിയുടെ ഇടപെടൽ ഗുണകരമായത് ഈ സാഹചര്യത്തിലാണ്. ഹർത്താലും പൊതുപണിമുടക്കും പ്രഖ്യാപിക്കുന്നതിനു മുമ്പ് ഏഴു ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. നോട്ടീസ് നൽകാത്തപക്ഷം കോടതി അലക്ഷ്യത്തിനു പുറമെ, നാശനഷ്ടങ്ങൾ ഉൾപ്പെടെ എല്ലാ ബാധ്യതകൾക്കും സംഘാടകർ ഉത്തരവാദികളാകുമെന്ന് കോടതി വ്യക്തമാക്കി. ഹർത്താലുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് ചെയർമാൻ ബിജു രമേശും മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളവും സമർപ്പിച്ച പൊതുതാൽപര്യ ഹരജികളാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർത്താലിനും പണിമുടക്കിനോടും അനുബന്ധിച്ചുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും ഉത്തരവാദികളായിരിക്കും. ഹർത്താൽ പോലുള്ള സമര മുറകൾ നിയന്ത്രിക്കുന്നതിന് നിയമം ഇല്ലെന്നും ഇതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ അനുഭവിക്കുകയാണെന്നും കോടതി പറഞ്ഞു. നിയമം നിർമിക്കണമെന്ന് ലോ കമ്മീഷൻ ശുപാർശ ഉണ്ടായിട്ടും സർക്കാരുകൾ അവ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർത്താലും പണിമുടക്കും പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും മുൻകൂർ നോട്ടീസ് ഉണ്ടെങ്കിൽ ഇത്തരം സമര മുറകളുടെ നിയമ സാധുത ചോദ്യം ചെയ്ത് പൗരന് കോടതിയെ സമീപിക്കാൻ സാവകാശം കിട്ടുമെന്നും കോടതി അഭിപ്രായപ്പെട്ടു. മുൻകൂർ നോട്ടീസ് പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർക്ക് കരുതൽ നടപടികൾ സ്വീകരിക്കാൻ അവസരമുണ്ടാക്കും. ഹർത്താലുകൾ പൗരന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കോടതി ഹർത്താൽ പ്രഖ്യാപിക്കുന്ന സംഘടനകളുടെ അവകാശത്തേക്കാൾ വലുതാണ് പൊതുസമൂഹത്തിന്റെ അവകാശങ്ങൾ എന്നും വിലയിരുത്തിയെന്നത് ശ്രദ്ധേയമാണ്. ഹർത്താലുകൾ മൂലം സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടവും ജനങ്ങൾക്ക് ദുരിതവും ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ഇത്തരം സമര മുറകൾ അംഗീകരിക്കാനാവില്ല. ഹർത്താലിനെതിരെ ജനമുന്നേറ്റം സർക്കാർ കാണുന്നില്ലേ എന്ന് കോടതി ആരാഞ്ഞു. ജനങ്ങളുടെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ പ്രസ്ഥാനങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും കോടതി. ഹർത്താലിനെതിരെയുള്ള സർക്കാർ നടപടികൾ തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
സ്വകാര്യ സ്വത്ത് സംരക്ഷണവും പ്രധാനമാണ്. ഈ ദിശയിലെ പ്രധാന ചുവടുവെപ്പാണ് 'കേരളാ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻറ് പെയ്‌മെൻറ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019' മന്ത്രിസഭയുടെ തീരുമാനം ഗവർണർ അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ കേന്ദ്ര നിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നത് തടയാനുളള നിയമ വ്യവസ്ഥകൾ ഫലപ്രദമല്ല എന്നു കണ്ടതുകൊണ്ടാണ് പുതിയ നിയമമുണ്ടാക്കിയത്. അപരിഷ്‌കൃതവും ജനദ്രോഹപരവുമായ പ്രതിഷേധ രീതി ഉപേക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വം തയാറാവുന്നതിന്റെ സൂചനയായി ഹർത്താലില്ലാത്ത മൂന്ന് മാസത്തെ കാണാം.
ചരിത്രത്തിലിന്നോളം ഏതെങ്കിലും ഹർത്താൽ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായതായി പറയാനാവുമോ? ലോക്‌സഭയിലും നിയമസഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് അവരുന്നയിക്കുന്ന ആവശ്യം ന്യായമാണെന്നുണ്ടെങ്കിൽ അക്കാര്യം ജനപ്രതിനിധി സഭകളിൽ ഉന്നയിച്ചാൽ പോരേ? എന്ത് കാരണത്താലായാലും ശരി, ഇപ്പോഴത്തെ മാറ്റം സ്വാഗതാർഹമാണ്. ഹർത്താലില്ലാത്ത കേരളം പ്രതീക്ഷയ്ക്ക് വക നൽകുന്നതുമാണ്.