തിരുവനന്തപുരം - 'അവളുടെ മക്കൾ അവളെ കുറിച്ച് ചോദിച്ചു കൊണ്ടേയിരിക്കുന്നു; അത് കേട്ട് നിൽക്കാനാവുന്നില്ല' - കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി സഹോദരി കാരലിൻ ഹെലിങ്. മാനസികമായി തകർന്ന നിലയിലായിരുന്നു ലിസയെന്നും സമാധാനം തേടിയാണ് അവൾ ഇന്ത്യയിലേക്ക് വന്നതെന്നും കാരലിൻ പറയുന്നു.
കോവളത്തു നിന്ന് ഏതാനും മാസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലാത്വിയൻ യുവതി ലിഗാ സ്‌ക്രോമാൻറെ സഹോദരി ഇൽസെയോടാണ് കാരലിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ലിഗയെ കാണാതായി ഒരു വർഷത്തിന് ശേഷമാണ് ലിസയെ കാണാതായ റിപ്പോർട്ട് വരുന്നത്. കരോലിന് ഇംഗ്ലിഷ് വശമില്ലാത്തതിനാൽ ജർമൻ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ലിസയുടെ കുടുംബം ആകെ തകർന്ന നിലയിലാണെന്നും വല്ലാത്ത വേദനയിലൂടെയാണ് അവർ ദിവസവും കടന്നു പോകുന്നതെന്നും ഇൽസെ ഫേസ്‌ബുക്കിൽ കുറിച്ചു.
സമാധാനത്തിനായുള്ള അന്വേഷണം
ലിസ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമല്ല. 2011 ൽ കൊല്ലത്തെ അമൃതപുരിയിൽ രണ്ടു മാസം താമസിച്ച അവർ ബെർലിനിലേക്ക് തിരിച്ചെത്തിയിരുന്നു. പിന്നീട് ഇസ്ലാമിക ആശയങ്ങളിൽ ആകൃഷ്ടയായി ഇസ്ലാം മതം സ്വീകരിച്ചു. വീട്ടുകാരുടെ അതൃപ്തി വക വയ്ക്കാതെയായിരുന്നു മതം മാറ്റം. 2012 ൽ കെയ്‌റോയിലെ ഒരു ഇസ്ലാമിക സംഘടനയിലൂടെ തന്റെ പങ്കാളിയെ കണ്ടുമുട്ടുകയും വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അബ്ബാസ് എന്നും മുഹമ്മദ് എന്നും പേര്യ രണ്ടു കുട്ടികൾ ഇവർക്കുണ്ടായി. പിന്നീട് ഭർത്താവുമായി അകന്ന ഇവർ 2016 ൽ വിവാഹമോചനം നേടി മക്കളോടൊപ്പം ജർമനിയിൽ താമസമാക്കി. പക്ഷെ കുട്ടികളെ ഭർതൃ മാതാവ് കൂട്ടിക്കൊണ്ടു പോയതോടെ അവൾ മാനസികമായി തകർന്നു തുടങ്ങി. താൻ തെരഞ്ഞെടുത്ത വഴിയെല്ലാം തെറ്റെന്ന തോന്നലിലൂടെ അവർ സമാധാനം തേടി വീണ്ടും ഇന്ത്യയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. വീണ്ടും അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് വരാൻ തീരുമാനിക്കുന്നതും അങ്ങനെയാണ്.

(ലിസ മകനോടും സഹോദരിയോടും ഒപ്പം)
വിവരങ്ങൾ ഇല്ലാതാകുന്നു
അവളിൽ നിന്ന് പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതായി. മകന്റെ ജന്മദിനത്തിനും വിളിക്കാതായപ്പോൾ ഞങ്ങൾ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചു. കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ ജർമൻ എംബസി മുഖേന ബന്ധപ്പെട്ടത്. എന്നാൽ അവിടെയെത്തിയില്ലെനന്നായിരുന്നു മറുപടി. ജൂൺ അഞ്ചിനു ജർമനിയിലെ ഫ്ലെൻസ്ബർഗ് പൊലീസിൽ പരാതി നൽകി. തുടർന്നു പരാതി ജർമൻ കോൺസുലേറ്റ് മുഖേന ഡിജിപിക്കു കൈമാറുകയായിരുന്നു.
യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി കരോലിനോടു ലിസ പറഞ്ഞിരുന്നു. മാർച്ച് അഞ്ചിന് ലിസ അമേരിക്കയിലുള്ള മക്കളോട് വിഡിയോ കോളിൽ സംസാരിച്ചിരുന്നു. യാത്രയിൽ യുകെ സ്വദേശിക്കു പുറമേ സുഹൃത്തായ സ്വീഡിഷ് സ്വദേശിയും കൂടിയാണ് യാത്ര തീരുമാനിച്ചത്. എന്നാൽ ഇയാൾ കേരളത്തിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നോ എന്നു വ്യക്തമല്ല.
അവളുടെ മക്കൾ ഇപ്പോഴും അവളെ കുറിച്ച് ചോദിച്ചു കൊണ്ടേയിരിക്കുകയാണെന്നും അത് കേൾക്കുമ്പോൾ സഹിക്കാനാവുന്നില്ലെന്നും കാരലിൻ പറയുന്നു. കുഞ്ഞുങ്ങളെ ജീവനായിരുന്ന ലിസ വളരെ നല്ല അമ്മയായിരുന്നു. മക്കൾ കൈവിട്ടു പോയതാണ് അവൾ കൂടുതൽ മാനസികമായി തകരാൻ ഇടയായതെന്നും കാരലിൻ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം സംഭവത്തെക്കുറിച്ച് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ആർ ഇല്ലങ്കോയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലിസയ്ക്ക് രാജ്യം വിടാൻ കഴിയുമായിരുന്നോ എന്നറിയാൻ പോലീസ് എമിഗ്രേഷൻ അധികൃതരുമായി പരിശോധന നടത്തി. വിസയുടെ കാലാവധി തീർന്നിട്ടും അവർ പോയിട്ടില്ല എന്നാണറിയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ അവരോടൊപ്പം വന്ന വ്യക്തിയുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിക്കുകയാണ് പോലീസ്. അവർ അമൃതപുരിയിൽ എത്തിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.