ന്യൂദല്‍ഹി- പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. രാഹുല്‍ എപ്പോഴും തന്റെ നേതാവായി തുടരുമെന്നും രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സോണിയ ഗാന്ധി നിയോഗിച്ചിരുന്ന പട്ടേല്‍ പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അഹമ്മദ് പട്ടേല്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം തന്നെയാണ് രാഹുല്‍ ഗാന്ധിയും ഉന്നയിച്ചിരുന്നത്.
രാഹുല്‍ജിയുടെ രാജിക്കത്ത് ദൗര്‍ഭാഗ്യകരമാണ്. ഈ തോല്‍വിക്ക് നമ്മളെല്ലാവരും ഉത്തരവാദികളാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ രാഹുല്‍ മികച്ച സംഭാവനകളാണ് അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ യത്‌നം തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്- സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റില്‍ പട്ടേല്‍ പറഞ്ഞു.
കോണ്‍ഗ്രസിന് കരുത്ത് നല്‍കിയതിന് ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗം കൂടിയായ അഹമ്മദ് പട്ടേല്‍ രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞു.