ജിദ്ദ- സമീക്ഷ സാഹിത്യവേദിയുടെ പി.ജി സ്മാരക പ്രതിമാസ വായനാ ദിനത്തില്‍ സ്ത്രീകളും കുട്ടികളും പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. അനുപമ ബിജുരാജ് രവീന്ദ്രനാഥ ടാഗോറിന്റെ 'ചോഖര്‍ബാലി' നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ഷറഫിയ വില്ലേജ് റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഷഹീബ ബിലാല്‍ അധ്യക്ഷത വഹിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടം അവനവന്റെ ഉള്ളില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും സമൂഹത്തിന്റെ മുന്നില്‍ അപശകുനമായി വിധവകളെ കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് മൂന്ന് വിധവകളുടെ കഥ പറഞ്ഞ് വിശ്വപൗരന്‍ രവീന്ദ്രനാഥ ടാഗോര്‍ 'ചോഖര്‍ബാലി' രചിച്ചതെന്ന് അനുപമ പറഞ്ഞു.
സംസ്‌കാര സമ്പന്നരെന്നു കരുതുന്ന സുരക്ഷിത ഇടങ്ങളില്‍ നിന്ന് പോലും സ്ത്രീത്വം കൈയേറ്റം ചെയ്യപ്പെടുകയാണ്. നാം കൊണ്ടാടുന്ന പല സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുടെയും ജീര്‍ണമുഖം തുറന്ന് കാണിച്ച് എച്ച്.മുക്കുട്ടിയുടെ അനുഭവക്കുറിപ്പുകള്‍ ഷഹീബ ബിലാല്‍ സദസ്സുമായി പങ്കുവെച്ചു.
ദസ്‌തേവ്‌സ്‌കിയുടെ ജീവതത്തിന്റെ കാണാപ്പുറങ്ങള്‍ എഴുത്തിലും ജീവിതത്തിലും നടത്തുന്ന സ്വാധീനങ്ങള്‍ വിവരിച്ച് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ സലീന മുസാഫിറും, കാവിവല്‍ക്കരണം ഇന്നത്തെ ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമായി മാറുന്നത് മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്ന നോവലിന്റെ അവസാന ഭാഗങ്ങള്‍ വിവരിച്ചുകൊണ്ട് നൂറുന്നീസ ബാവയും വിശദീകരിച്ചു.
സ്ത്രീകളകപ്പെട്ട ആണധികാരത്തിന്റെ ചതിക്കുഴികളെ കുറിച്ച് സ്വയം ബോധ്യത്തിലൂടെ മാത്രമേ അതിജീവനം സാധിക്കൂവെന്ന് കാലിക സംഭവങ്ങളോടനുബന്ധിച്ച് എഴുതപ്പെട്ട ലേഖനങ്ങളുടെ വായനാനുഭവം പര്‍കന്ന് സീമാ രാജീവും, മുന്‍കാല വായനകളുടെ സ്വാധീനം ഇപ്പോഴും വിടാതെ പിന്തുടരുന്നതിന്റെ അനുഭവങ്ങള്‍ റെജിയ വീരാനും പങ്കുവെച്ചു.
കുട്ടികളുടെ സമീക്ഷയില്‍ റെഹാന്‍ വീരാന്‍ ഡാനി ദ കംപാനിയന്‍ ഓഫ് വേള്‍ഡ്, ഫൈസ് മുഹമ്മദ് ഉണ്ണിമോനും കുരുവികളും, ഫാദില്‍ സൈനുദ്ദീന്‍ എച്ച്.ജി വെല്‍സിന്റെ ദ വാര്‍ ഓഫ് ദ വേള്‍ഡും അവതരിപ്പിച്ചു.
സേതുമാധവന്‍ മൂത്തേടത്ത്, അനില്‍ നാരായണ, സക്കീന ഓമശ്ശേരി, അബ്ദുല്ല മുക്കണ്ണി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കിസ്മത്ത് മമ്പാട് സ്വാഗതവും ഹഫ്‌സ മുസാഫര്‍ നന്ദിയും പറഞ്ഞു.