Sorry, you need to enable JavaScript to visit this website.

ഫ്‌ളൈനാസ് റിയാദില്‍നിന്ന് കൂടുതല്‍ ദല്‍ഹി സര്‍വീസുകള്‍ ആരംഭിക്കും

റിയാദ് - മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് അടുത്ത ഒക്‌ടോബർ മുതൽ ന്യൂദൽഹി സർവീസുകളുടെ എണ്ണം വർധിപ്പിക്കും. പ്രതിദിനം ഒരു സർവീസ് വീതം ആഴ്ചയിൽ ഏഴ് ആയി ആണ് സർവീസുകളുടെ എണ്ണം ഉയർത്തുകയെന്ന് കമ്പനി അറിയിച്ചു. ഈ മാസം ഒന്നിനാണ് ഫ്‌ളൈ നാസ് ന്യൂദൽഹി സർവീസ് ആരംഭിച്ചത്. നിലവിൽ പ്രതിവാരം അഞ്ചു സർവീസുകൾ വീതമാണ് റിയാദിൽ നിന്ന് ന്യൂദൽഹിയിലേക്കും തിരിച്ചും കമ്പനി നടത്തുന്നത്. 


സൗദി അറേബ്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നാലാമത്തെ സെക്ടറായി കഴിഞ്ഞ വർഷം ഇന്ത്യ മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ 33 ലക്ഷം പേരാണ് യാത്ര ചെയ്തത്. യാത്രക്കാരിൽ നിന്നുള്ള ആവശ്യം വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ കമ്പനി വർധിപ്പിക്കുന്നത്. റിയാദ്-ഹൈദരാബാദ് സെക്ടറിൽ പ്രതിവാര സർവീസുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. 


വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഫ്‌ളൈ നാസ് പുതിയ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കുന്നത്. ഈ വേനൽക്കാലത്ത് ബോസ്‌നിയ തലസ്ഥാനമായ സെറാജിവൊ, വിയന്ന, കരിങ്കടൽ തീരനഗരമായ ബാട്ടുമി, ജോർജിയയുടെ തലസ്ഥാനമായ തിബിലിസി, അസർബൈജാൻ തലസ്ഥാനമായ ബാകു എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ നാസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. വിപുലീകരണ പദ്ധതിയുമായി ഒത്തുപോകുന്നതിന് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും കമ്പനി നടപടികളെടുത്തിട്ടുണ്ട്. എയർബസ് കമ്പനികളിൽ നിന്ന് 20 വിമാനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ വർഷം കമ്പനി കരാർ ഒപ്പുവെച്ചു. എയർബസ് എ-320 നിയോ ഇനത്തിൽ പെട്ട 120 വിമാനങ്ങൾ വാങ്ങുന്നതിന് 800 കോടിയിലേറെ ഡോളറിന്റെ കരാർ 2017 ലും കമ്പനി ഒപ്പുവെച്ചിരുന്നു. 

 

Latest News