റിയാദ് - മീറ്റർ റീഡിംഗ് എടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 35 ശതമാനം വർധിപ്പിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. മുപ്പതു ദിവസത്തിനകം 96 ലക്ഷത്തിലേറെ ഉപയോക്താക്കളുടെ മീറ്റർ റീഡിംഗ് എടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് റീഡിംഗ് ഉദ്യോഗസ്ഥരുടെ എണ്ണം വലിയ തോതിൽ ഉയർത്തിയത്. നിലവിൽ വിവിധ പ്രവിശ്യകളിലായി കമ്പനിക്കു കീഴിൽ 3700 ലേറെ മീറ്റർ റീഡിംഗ് ഉദ്യോഗസ്ഥരാണുള്ളത്. കഴിഞ്ഞ വർഷം മീറ്റർ റീഡിംഗ് ഉദ്യോഗസ്ഥരുടെ എണ്ണം 2750 മാത്രമായിരുന്നു.
മീറ്റർ റീഡിംഗ് എടുത്ത് ആറു ദിവസത്തിനകം ബില്ലുകൾ ഇഷ്യൂ ചെയ്യുന്നതിനും അത്യാധുനിക ബില്ലിംഗ് സംവിധാനത്തിന് അനുസൃതമായി റീഡിംഗുകൾ വേഗത്തിൽ സൂക്ഷ്മപരിശോധന നടത്തുന്നതിനും പുനഃപരിശോധന നടത്തുന്നതിനും ലക്ഷ്യമിട്ടാണ് റീഡിംഗ് ഉദ്യോഗസ്ഥരുടെ എണ്ണം വലിയ തോതിൽ വർധിപ്പിച്ചതെന്ന് കമ്പനി പറഞ്ഞു.
നിലവിലെ റീഡിംഗും പുതിയ ബില്ലിലെ വിവരങ്ങളും ഒത്തുനോക്കുന്നതിന് ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിന് റീഡിംഗ് എടുക്കുന്ന ദിവസം തന്നെ ഉപയോക്താക്കൾക്ക് എസ്.എം.എസ് അയക്കൽ അടക്കം സുതാര്യത വർധിപ്പിക്കുന്നതിന് നടപ്പാക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ ചുവടുവെപ്പെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.