അബുദാബി - പതിനെട്ടു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികളെ ടൂറിസ്റ്റ് വിസ ഫീസിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഈ മാസം പതിനഞ്ചു മുതൽ യു.എ.ഇ നടപ്പാക്കും.
എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലത്ത് യു.എ.ഇ സന്ദർശിക്കുന്ന, പതിനെട്ടു വയസ്സിൽ കുറവ് പ്രായമുള്ളവരെ ടൂറിസ്റ്റ് വിസ ഫീസിൽ നിന്ന് ഒഴിവാക്കുന്നതിന് കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. രക്ഷാകർത്താക്കൾക്കൊപ്പം യു.എ.ഇയിലെത്തുന്ന കുട്ടികള്‍ക്കാണ് ജൂലൈ 15 മുതൽ സൗജന്യ ടൂറിസ്റ്റ് വിസകൾ അനുവദിക്കുക.
വിനോദ സഞ്ചാര കേന്ദ്രമായി യു.എ.ഇയെ തെരഞ്ഞെടുക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഇളവ് വിനോദ സഞ്ചാരികൾ പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ആവശ്യപ്പെട്ടു.
ഫാമിലി ടൂറിസ്റ്റ് വിസക്ക് സ്മാർട്ട് ആപ്പ് വഴിയോ വെബ്‌സൈറ്റ് (www.ica.gov.ae) വഴിയോ വിനോദ സഞ്ചാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്റ് പോർട്‌സ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റാകാൻ റശീദി പറഞ്ഞു. രണ്ടിനം ടൂറിസ്റ്റ് വിസകളാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അനുവദിക്കുന്നത്. മുപ്പതു ദിവസ കാലാവധിയുള്ള, സിംഗിൾ എൻട്രി വിസക്ക് 200 ദിർഹം ആണ് ഫീസ്. ഈ വിസ മുപ്പതു ദിവസത്തേക്കു വീതം രണ്ടു തവണ ദീർഘിപ്പിക്കാവുന്നതാണ്.
90 ദിവസത്തേക്കുള്ള വിസക്ക് 550 ദിർഹം ആണ് ഫീസ്. ഈ വിസയും മുപ്പതു ദിവസത്തേക്കു വീതം രണ്ടു തവണ ദീർഘിപ്പിക്കാവുന്നതാണ്. വിസ ദീർഘിപ്പിക്കുന്നതിന് ഓരോ തവണയും 600 ദിർഹം ഫീസ് നൽകണം.