Sorry, you need to enable JavaScript to visit this website.

വീട്ടില്‍ പ്രവേശിക്കരുത്; സൗദിയില്‍ ഹോം ഡെലിവറി സുരക്ഷിതമാക്കാന്‍ വ്യവസ്ഥകള്‍

റിയാദ് - ഭക്ഷ്യവസ്തുക്കളും ഫാസ്റ്റ്ഫുഡുകളും റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണങ്ങളും വീടുകളിൽ എത്തിച്ചു നൽകുന്ന സേവനത്തിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ തയാറാക്കി. ഉയർന്ന ഗുണമേന്മയിൽ സുരക്ഷിതമായി ഭക്ഷ്യവസ്തുക്കൾ ഉപയോക്താക്കൾക്ക് എത്തിച്ചു നൽകുന്നത് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വ്യവസ്ഥകൾക്ക് രൂപംനൽകിയിരിക്കുന്നത്. 

തൊഴിലാളികൾ വീടുകൾക്കകത്ത് പ്രവേശിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പുനൽകണമെന്നും വ്യവസ്ഥയുണ്ട്. ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്നത് വ്യക്തമാക്കി സുരക്ഷാ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കലും നിർബന്ധമാണ്. 

സുരക്ഷിതവും ആരോഗ്യകരവുമല്ലാത്ത നിലക്കുള്ള ഹോം ഡെലിവറി ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും ബാധിക്കുന്ന കാര്യം കണക്കിലെടുത്താണിത്. ഹോം ഡെലിവറി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കും ഹോം ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ഇതിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഏതാനും വ്യവസ്ഥകൾ നിർബന്ധമാക്കിയിട്ടുണ്ട്. 


ഹോം ഡെലിവറിക്ക് ഉപയോഗിക്കുന്ന കാറുകളെയും ബൈക്കുകളെയും കുറിച്ച വിവരങ്ങൾ സ്ഥാപനങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഹോം ഡെലിവറി സേവന മേഖലയിൽ പ്രവർത്തിക്കുന്നതിന് ചുമതലപ്പെടുത്തിയ ജീവനക്കാരെ കുറിച്ച വിവരങ്ങളും ഇങ്ങനെ സമർപ്പിക്കണം.

 

Latest News