ജിദ്ദ - സൗദി അറേബ്യക്കകത്തുനിന്ന് ഹജ് നിര്‍വഹിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും രജിസ്‌ട്രേഷന് വ്യാഴാഴ്ച തുടക്കമാകും. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴിയാണ് തീര്‍ഥാടകര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
2,30,000 പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിക്കുക. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഹജിന് അവസരം ലഭിക്കുക. ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 190 കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ വര്‍ഷം ലൈസന്‍സുള്ളത്. ദുല്‍ഹജ് ഏഴു വരെ രജിസ്‌ട്രേഷന് അവസരമുണ്ട്.
ഇ-ട്രാക്ക് വഴി വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം തങ്ങള്‍ക്ക് അനുയോജ്യമായ പാക്കേജ് തെരഞ്ഞെടുത്ത് ഇന്‍വോയ്‌സ് ഇഷ്യു ചെയ്ത് പണമടക്കണം. പണമടച്ചു കഴിഞ്ഞാല്‍ ഹജ് അനുമതി പത്രം ഇഷ്യു ചെയ്യുന്നതിന് തീര്‍ഥാടകരുടെ വിവരങ്ങള്‍ ഇ-ട്രാക്ക് വഴി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇതിനു ശേഷം തീര്‍ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ബന്ധപ്പെട്ട ഹജ് സര്‍വീസ് കമ്പനിക്ക് ഹാജിമാരുടെ വിവരങ്ങള്‍ അയച്ചുനല്‍കുകയാണ് ചെയ്യുക.
ആറു ഹജ് പാക്കേജുകളാണ് ഇത്തവണയുള്ളത്. അല്‍ദിയാഫ-1 പാക്കേജില്‍ 7,561 റിയാല്‍ മുതല്‍ 8,161 റിയാല്‍ വരെയും അല്‍ദിയാഫ-2 പാക്കേജില്‍ 7,310 റിയാല്‍ മുതല്‍ 7,910 റിയാല്‍ വരെയും അല്‍ദിയാഫ-3 പാക്കേജില്‍ 6,508 റിയാല്‍ മുതല്‍ 7,108 റിയാല്‍ വരെയും അല്‍ദിയാഫ-4 പാക്കേജില്‍ 5,708 റിയാല്‍ മുതല്‍ 6,308 റിയാല്‍ വരെയുമാണ് നിരക്ക്.
നാലു പാക്കേജുകളിലും മിനാക്കു പകരം മക്കയില്‍ താമസ സൗകര്യം ലഭിക്കുന്ന പ്ലസ് വിഭാഗങ്ങളുണ്ട്. മിനായിലെ മലമുകളിലുള്ള ബഹുനില കെട്ടിടങ്ങളില്‍ താമസസൗകര്യം ലഭിക്കുന്ന അല്‍ദിയാഫ-1 ടവര്‍ വിഭാഗത്തില്‍ 11,905 റിയാലാണ് നിരക്ക്. മിനായിലെ തമ്പുകളില്‍ താമസ സൗകര്യം നല്‍കുന്ന ഇക്കോണമി-1 പാക്കേജില്‍ 3,447 റിയാല്‍ മുതല്‍ 4,797 റിയാല്‍ വരെയും മക്കയില്‍ താമസ സൗകര്യം നല്‍കുന്ന ഇക്കോണമി-2 പാക്കേജില്‍ 3,465 റിയാലുമാണ് നിരക്ക്.