റിയാദ് - രോഗിയായ ഇന്ത്യക്കാരനെ നടുക്കടലില്‍ നിന്ന് അതിര്‍ത്തി സുരക്ഷാ സേന ആശുപത്രിയിലെത്തിച്ചു. ജിബൂത്തി പതാക വഹിച്ച അല്‍സുല്‍ത്താന്‍ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് 45 കാരനായ ഇന്ത്യക്കാരനെ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിക്കുന്നതിന് സഹായം തേടി ശ്രീലങ്കയിലെ മറൈന്‍ സെക്യൂരിറ്റി കമ്പനി ജിദ്ദ സെര്‍ച്ച് ആന്റ് റെസ്‌ക്യു കോ-ഓര്‍ഡിനേഷന്‍ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു.
ഈ സമയത്ത് ഫുര്‍സാന്‍ ദ്വീപിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തു നിന്ന് 92 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പല്‍. വിവരം ലഭിച്ചയുടന്‍ അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ പട്രോളിംഗ് യൂനിറ്റുകള്‍ ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോമിനു സമീപമെത്തി ഇന്ത്യക്കാരന് ആവശ്യമായ പ്രാഥമിക ശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സക്കായി ജിസാനിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.