പ്രാർഥനയുടെ നിമിഷങ്ങൾ..
മൽബു അയാളെ ചേർത്തുനിർത്തി കണ്ണുകളിലേക്ക് തന്നെ നോക്കി. പിന്നെ കൈകളിൽ പിടിച്ചമർത്തിക്കൊണ്ട് പറഞ്ഞു:
എല്ലാം പരീക്ഷണമായി കണ്ടാൽ മതി. കാരുണ്യവാനണല്ലോ നാഥൻ. ഒക്കെ ശരിയാകും.
അവശതയിലും ദൈന്യതയിലും അയാൾക്ക് തിരിച്ചു വാക്കുകൾ ഉണ്ടായിരുന്നില്ല.
മൽബുവിന്റെ പ്രാർഥന നിശ്ശബ്ദമായി ഏറ്റുവാങ്ങി.
മൽബു കൂട്ടുകാരിൽനിന്ന് ശേഖരിച്ച് നൽകിയ തുക സ്വീകരിച്ചതിന് നന്ദി പറയാനാണ് അയാൾ വന്നത്. നന്ദി പറയാനുള്ള അയാളുടെ വരവ് അപ്രതീക്ഷിതമായിരുന്നു. അയാൾ നേരിട്ട് വരണമെന്നോ നന്ദി പറയണമെന്നോ മൽബു ആഗ്രഹിച്ചിരുന്നില്ല. പിരിച്ചെടുത്ത തുക അയാളുടെ കൈകളിൽ എത്തിച്ചതോടെ മൽബുവിന്റെ ദൗത്യം അവസാനിച്ചിരുന്നു.
അയാൾ പടിയിറങ്ങിയതും നാണി പൊട്ടിച്ചിരിച്ചു.
ഇത്തിരി സഹായം നൽകി ഒരാളെ പ്രാർഥനയോടെ യാത്രയാക്കിയതിൽ എന്താണിത്ര ചിരിക്കാനെന്നു വേണമെങ്കിൽ മൽബുവിന് ചോദിക്കാം. പക്ഷേ, അത്തരം ചോദ്യങ്ങൾ ഉന്നയിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഒട്ടും താൽപര്യമില്ലത്തയാളാണ് മൽബു.
മൽബുവും നാണിയും ചെയ്യുന്നത് ഒരേ കാര്യമാണെങ്കിലും മാർഗം വ്യത്യസ്തമാണ്. പരോപകാരമാണ് രണ്ടാളുടേയും മുഖമുദ്ര.
ഒരാൾക്ക് സഹായം ചെയ്യുന്നത് മൊറ്റാരാൾ അറിയരുത് എന്ന പക്ഷക്കാരനാണ് മൽബു. അതുകൊണ്ടു തന്നെ ജീവിതം വഴിമുട്ടിയവന് നാട്ടിലേക്കൊരു ടിക്കറ്റ് കൊടുത്താലും ചികിത്സാ സഹായം നൽകിയാലും ഫോട്ടോയിൽ ഇടം കിട്ടാൻ മത്സരിക്കുന്നവരോട് പരമപുച്ഛമാണ്.
നാണം കുണുങ്ങിയായ മൽബുവിന്റെ അസൂയ എന്നാണ് ഇതിനു നാണിയുടെ മറുപടി. സഹായം നൽകുമ്പോൾ ഫോട്ടോയിൽ വരാൻ കൃത്യമായി എവിടെ നിൽക്കണമെന്നും പത്രം ഓഫീസിൽനിന്ന് ഫോട്ടോകളുടെ ഏതു ഭാഗമാണ് മുറിഞ്ഞു പോകുകയെന്നുമൊക്കെ നല്ല വിവരമുള്ളയാളാണ് നാണി.
വലിയ സംഘടനയാകുമ്പോൾ സഹായം കൈമാറുന്ന ഫോട്ടോയിൽ വരാൻ നേതാക്കളുടെ തളളുണ്ടാകും. അതൊക്കെ മനസ്സിലാക്കി വേണം അത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ. സഹായം ഏറ്റുവാങ്ങുന്ന പാവത്തിന്റെ സമീപത്തോ അതു നൽകുന്ന നേതാവിന്റെ സമീപത്തോ വേണം ഫോട്ടോ എടുക്കുന്നതുവരെ ചുറ്റപ്പറ്റി നിൽക്കാൻ.
നാണിക്ക് ഇനിയും ഫോട്ടോ കമ്പം തീർന്നില്ലെന്നാണ് മഹത് കർമത്തിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടാഗ്രഫർമാർ മുതൽ റൂം മേറ്റുകൾ വരെ പറയുക.
ഇന്നാളൊരു പാവത്തിനു വിമാന ടിക്കറ്റ് നൽകിയ ഫോട്ടോയിൽ നാണി ഒരു മൂലയിലായിപ്പോയി. ഈ ഫോട്ടോ പത്രം ഓഫീസിലെത്തിയാൽ താൻ കട്ടായിപ്പോകുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അങ്ങനെയാണ് നാണി അച്ചായനെ സമീപിച്ചത്.
ഈ രണ്ടു തലകൾക്കിടയിൽ എന്റെ തല വെച്ചുപിടിപ്പിക്കാൻ പറ്റുമോ? ഫോട്ടോഷോപ്പ് കൊണ്ട് എന്തും ചെയ്യാമല്ലോ?
ചെയ്യാനൊക്കെ പറ്റും. പക്ഷേ സഹായം നൽകുന്ന നേതാവിന്റേം വാങ്ങുന്നയാളുടേയും ഇടയിൽ നിങ്ങളുടെ തല വെച്ചുപിടിപ്പിച്ചതാണെന്ന് ആർക്കും മനസ്സിലാകും. അച്ചായൻ പറഞ്ഞപ്പോൾ നാണി സ്വന്തം തലയിലൊന്നു തടവി.
അച്ചായൻ പറഞ്ഞത് ശല്യം ഒഴിവാക്കാനാണെങ്കിലും നാണി അതുവിശ്വസിച്ച് സമാധാനിച്ചു.
നാണിയുടെ പൊട്ടിച്ചിരി കേട്ടുകൊണ്ടാണ് മൊയ്തു ഹാളിലേക്ക് കയറി വന്നത്.
ഇടിമുഴക്കം പോലുണ്ടല്ലോ?
കിഡ്‌നി ഓപ്പറേഷന് നമ്മൾ സഹായം കൊടുത്തില്ലേ. ആ ബംഗാളി ഇപ്പോൾ ഇവിടെ വന്നിരുന്നു. അയാളെ കണ്ടിട്ടാ ഈ ചിരി: മൽബു പറഞ്ഞു.
ചിരിച്ചത് അയാളെ കണ്ടിട്ടല്ല. മൽബുവിന്റെ പ്രാർഥനയും യാത്രയാക്കലും കണ്ടിട്ടാണ്. മൽബു അയാളുടെ മുമ്പിൽ കരഞ്ഞില്ലെന്നേയുള്ളൂ. മൽബുവിന്റെ കളി കണ്ടപ്പോൾ ബംഗാളിക്കും ചിരി വന്നിട്ടുണ്ടാകും. കാരണം അയാൾക്ക് ഒരസുഖവുമില്ലല്ലോ. അയാളുടെ ഭാര്യക്കാണ് കിഡ്‌നി പ്രശ്‌നം.
ഇതു കേട്ടതോടെ മൊയ്തുവും പൊട്ടിച്ചിരിച്ചു. മൽബു നല്ല സീനാക്കി അല്ലേ..
അല്ലെങ്കിലും ഈ ബംഗാളികൾ പറയുന്നത് ചിലപ്പോൾ മനസ്സിലാകില്ല. അസുഖം അയാൾക്ക് തന്നെയാണെന്നാ ഞാൻ വിചാരിച്ചത്: മൽബു പഞ്ഞു.
നിങ്ങൾക്ക് കേൾക്കണോ.. ഈ ബംഗാളിയുടെ ഒരു ബ്രദർ അജ്മാനിൽ പച്ചക്കറി വിൽക്കുന്നുണ്ട്. അയാളെ കുറിച്ച് പറഞ്ഞതു എന്താണെന്നോ..?
വോ ആസ്മാൻ മേ ദുനിയാ ബേസ്താ..
ആകാശത്ത് ദുനിയാവ് വിൽക്കുന്നുവെന്നല്ല, അജ്മാനിൽ പച്ചക്കറി വിൽക്കുന്നുവെന്ന് തന്നെയാ ടിയാൻ ഉദ്ദേശിച്ചത്.