Sorry, you need to enable JavaScript to visit this website.

വഞ്ചിതരാകരുത്; സല്‍മാന്‍ രാജാവിന്റെ പേരില്‍ ബിറ്റ് കോയിന്‍ തട്ടിപ്പ്

ജിദ്ദ-തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും പേരില്‍ ബിറ്റ് കോയിന്‍ വ്യാജ വാര്‍ത്ത. ഫെയ്‌സ് ബുക്കില്‍ സ്‌പോണ്‍സേഡ് പരസ്യമായി നല്‍കിയിരിക്കുന്ന വ്യാജവാര്‍ത്ത പതിനായിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിറയെ മാശാ അല്ലാഹ്, അല്‍ഹംദുലില്ലാഹ്, ആമിന്‍ കമന്റുകളും.

സല്‍മാന്‍ രാജാവും മന്ത്രിസഭയും ബിറ്റ്‌കോയിന്‍ ലൂപ്‌ഹോള്‍ എന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നുവെന്നാണ് 

beautifulsculptedice.com എന്ന സൈറ്റ് നല്‍കിയിരിക്കുന്ന പരസ്യത്തിലുള്ളത്.

സൗദി അറേബ്യ ആയിരിക്കണം ആസ്ഥാനമെന്ന നിബന്ധനയില്‍ സല്‍മാന്‍ രാജാവ് 20 ബില്യണ്‍ ഡോളര്‍  ഈ പദ്ധതിയില്‍ നിക്ഷേപിക്കുമെന്നും നിക്ഷേപത്തിലോ സാങ്കേതിക വിദ്യയിലോ പരിചയമില്ലാത്ത ആര്‍ക്കും ബിറ്റ് കോയിന്‍ വഴി പണമുണ്ടാക്കാമെന്നും തുടര്‍ന്ന് വിശദീകരിക്കുന്നു.

ഉപയോക്താവിന് 935 റിയാല്‍ (250 ഡോളര്‍) നിക്ഷേപിച്ച് ബിറ്റ് കോയിന്‍ ലൂപ്‌ഹോള്‍ പ്ലാറ്റ്‌ഫോമിലൂടെ വ്യാപാരം തുടങ്ങാന്‍ സാധിക്കുമെന്ന് സല്‍മാന്‍ രാജാവ് വിശദീകരിച്ചതായും പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ആയിരക്കണക്കിനു ഫിലിപ്പിനോകള്‍ക്കു പുറമെ പ്രൊഫൈലില്‍ സൗദി അറേബ്യയിലെ നഗരങ്ങള്‍ കാണിക്കുന്നവരും വ്യാപകമായി ഈ വാര്‍ത്തക്ക് ലൈക്കും ഷെയറും നല്‍കിയിട്ടുണ്ട്. ഇതത്രയും വ്യാജ പ്രൊഫൈലുകളാകാനാണ് സാധ്യത.

സമ്പത്ത് നേടുക എളുപ്പമാണെന്നും സൗദി രാജാവിന്റേയും കിരീടാവകാശിയുടേയും ഔദാര്യമാണിതെന്നും വിശദീകരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന് മാശാഅല്ലാഹ്, അല്‍ഹംദുലില്ലാഹ് കമന്റുകളാണ് കൂടുതലും.

ഊഹത്തിന്റെ പേരില്‍ വ്യാപാരം നടക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ് കോയിന്‍. ഇടക്കാലത്ത് വന്‍തോതില്‍ മൂല്യം ഉയര്‍ന്ന ബിറ്റ് കോയിന്റെ മൂല്യം അതുപോലെ ഇടിഞ്ഞിരുന്നു. ബിറ്റ് കോയിന്‍ വ്യാപാരത്തിനെതിരെ വിവിധ രാജ്യങ്ങള്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് ആളുകളെ ആകര്‍ഷിക്കാനും വഞ്ചിക്കാനുമുള്ള ഇത്തരം ശ്രമങ്ങള്‍.  

 

Latest News