ദുബായ്- വിദ്യാഭ്യാസം, സോളര്‍ പാനല്‍ നിര്‍മാണം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസാധനങ്ങളുടെ ഇടപാട് തുടങ്ങി 13 മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിനു യു.എ.ഇ മന്ത്രിസഭാ അനുമതി. ട്രാന്‍സ്‌ഫോമറുകള്‍, ഹരിത സാങ്കേതിക വിദ്യ, ഹൈബ്രിഡ് ഊര്‍ജ പ്ലാന്റുകള്‍, ഇകൊമേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കുള്ള കോള്‍ഡ് സ്‌റ്റോറേജ്, വാര്‍ത്താവിനിമയം, ഗവേഷണത്തിനുള്ള ലൈബ്രറികള്‍, ബയോടെക്‌നോളജി വികസനം എന്നീ മേഖലകളിലും വിദേശനിക്ഷേപം പൂര്‍ണമായി ഉപയോഗിക്കാം.
നിക്ഷേപകര്‍ക്ക് എത്ര ശതമാനം ഉടമസ്ഥാവകാശം ആകാമെന്ന് അതത് എമിറേറ്റുകള്‍ തീരുമാനിക്കും. വ്യവസായ, നിക്ഷേപ മേഖലകളില്‍ ചൈനയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.