മക്ക - ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന ഇന്തോനേഷ്യൻ വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടിൽ സൗദി വൃദ്ധയുടെ ഫ് ളാറ്റിൽ ജോലി ചെയ്തിരുന്ന ഇന്തോനേഷ്യക്കാരിയാണ് സമീപത്തെ ബഖാലയിൽ ജോലി ചെയ്യുന്ന യെമനിയുടെ സഹായത്തോടെ 80,000 റിയാൽ വില വരുന്ന ആഭരണങ്ങളും 12,000 റിയാലും കവർന്നത്.
ഫ് ളാറ്റിന്റെ വാതിലുകളുടെ താക്കോലുകൾ രഹസ്യമായി കോപ്പി ചെയ്താണ് വേലക്കാരി കവർച്ച ആസൂത്രണം ചെയ്തത്. താക്കോലുകളുടെ കോപ്പികൾ ബഖാല ജീവനക്കാരനായ യെമനിക്ക് നൽകിയ ഇന്തോനേഷ്യക്കാരി താനും വീട്ടമ്മയും പുറത്തു പോകുന്ന സമയത്ത് ഫ് ളാറ്റിൽ കവർച്ച നടത്തുന്നതിന് യെമനിയെ ചട്ടംകെട്ടുകയായിരുന്നു.
സ്വർണവും പണവും സൂക്ഷിച്ച സേഫ് താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നി ഇന്തോനേഷ്യക്കാരിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബഖാല ജീവനക്കാരനായ യെമനിയുടെ സഹായത്തോടെ കവർച്ചാ പദ്ധതി നടപ്പാക്കിയതിനെ കുറിച്ച് യുവതി വെളിപ്പെടുത്തിയത്.
ബഖാല ജീവനക്കാരനൊപ്പം മറ്റൊരു യെമനിയെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്തോനേഷ്യക്കാരിയുമായി ബന്ധമുണ്ടെന്നും മോഷണത്തിൽ പങ്കുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.