Sorry, you need to enable JavaScript to visit this website.

ജോലി ലഭിച്ച സൗദി യുവതികളുടെ എണ്ണം വര്‍ധിച്ചു; വികലാംഗര്‍ കുറഞ്ഞു

റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ അയ്യായിരത്തിലേറെ സൗദി യുവതികൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ലഭിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ 4218 സൗദി യുവതികൾക്കും സർക്കാർ മേഖലയിൽ 1212 സൗദി യുവതികൾക്കുമാണ്  തൊഴിൽ ലഭിച്ചത്.  ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത സൗദി വനിതാ ജീവനക്കാരുടെ എണ്ണം 5,96,700 ആയി ഉയർന്നു. മൂന്നു മാസത്തിനിടെ സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 4218 പേരുടെ വർധനവുണ്ടായി. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന, സിവിൽ സർവീസ് നിയമം ബാധകമായ സൗദി വനിതാ ജീവനക്കാരുടെ എണ്ണം ഇക്കാലയളവിൽ 4,77,963 ൽ നിന്ന് 4,79,175 ആയും ഉയർന്നു. 
അതേസമയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെ സാമ്പത്തിക സഹായത്തോടെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം ജോലി ലഭിച്ച സൗദി വികലാംഗരുടെ എണ്ണം 21 ശതമാനം തോതിൽ കുറഞ്ഞു. 2018 ൽ 3715 വികലാംഗർക്ക് ആണ് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചത്. 2017 ൽ 4708 വികലാംഗർക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചിരുന്നു. 
വികലാംഗരെ ജോലിക്കു വെക്കുന്നതിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിൽ ഒരു വികാലംഗനെ ജോലിക്കു വെക്കുന്നത് നാലു സൗദികൾക്ക് ജോലി നൽകുന്നതിന് തുല്യമായി സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കണക്കാക്കുന്നുണ്ട്. ഇതു പ്രകാരം വളരെ കുറച്ച് വികലാംഗരെ ജോലിക്കു വെച്ച് ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കും. വികലാംഗർക്ക് തൊഴിലിടങ്ങളിൽ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന വ്യവസ്ഥ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നുണ്ട്.  ഇതു പ്രകാരം വികലാംഗ സൗഹൃദ തൊഴിൽ സാഹചര്യം ഒരുക്കാത്ത വൻകിട സ്ഥാപനങ്ങളിലെ വികലാംഗർക്ക് നിതാഖാത്തിൽ അധിക വെയ്‌റ്റേജ് ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വികലാംഗനെ ഒരു സ്വദേശി ജീവനക്കാരന് സമമായാണ് നിതാഖാത്തിൽ കണക്കാക്കുക. ഈ വ്യവസ്ഥ ഇടത്തരം സ്ഥാപനങ്ങൾക്കു കൂടി ബാധകമാക്കുന്നതിന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വികലാംഗ സൗഹൃദ സാഹചര്യം ഒരുക്കിയത് വ്യക്തമാക്കി അംഗീകൃത സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനകം ഹാജരാക്കാത്ത ഇടത്തരം സ്ഥാപനങ്ങളിലെ വികലാംഗ ജീവനക്കാരെ രണ്ടു സൗദി ജീവനക്കാർക്ക് വീതം തുല്യമായി മാത്രമേ നിതാഖാത്തിൽ കണക്കാക്കുകയുള്ളൂ. 
ഇതിനു ശേഷവും നിശ്ചിത സമയത്തിനകം വികലാംഗ സൗഹൃദ സാഹചര്യം ഒരുക്കാത്ത സ്ഥാപനങ്ങളിലെ വികലാംഗ ജീവനക്കാർക്ക് നിതാഖാത്തിൽ അധിക വെയ്‌റ്റേജ് ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ വികലാംഗ ജീവനക്കാരെ ഒരു സൗദി ജീവനക്കാരന് വീതം തുല്യമായി മാത്രമേ നിതാഖാത്തിൽ കണക്കാക്കുകയുള്ളൂവെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

Latest News